ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് കാരണങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതി. നവംബര്‍ പതിനൊന്നിനാണ് അര്‍ണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിത്. അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചു കൊണ്ട് കേസില്‍ വിധി പറഞ്ഞത്. അര്‍ണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
അതേസമയം, അന്വേഷണത്തിനോട് സഹകരിക്കണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.