സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ കോടതിയില്‍

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും കോഴ വാങ്ങിയ കേസില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആറും അനുബന്ധ രേഖകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറിയിട്ടുണ്ട്.

വഞ്ചന, അഴിമതി നിരോധനനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ എഫ്‌ഐആറില്‍ ചുമത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി ജഡ്ജിമാരുടെ പേരുപറഞ്ഞ് സൈബി ജോസ് കക്ഷികളില്‍ നിന്നും പണം വാങ്ങിയിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. 2020 ജൂലൈ മുതല്‍ 2022 ഏപ്രില്‍ വരെ സൈബി ജോസ് ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തിയിരുന്നു.

എന്നാല്‍ ആകെ എത്ര തുകയുടെ ഇടപാടാണ് സൈബി നടത്തിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എഫ്‌ഐആറില്‍ പരാതിക്കാരനായി വന്നിട്ടുള്ളത്. ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴി വാങ്ങിയെന്ന കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും. ഇന്നലെയാണ് ഡിജിപി പ്രത്യേക സംഘം രൂപികരിച്ച് ഉത്തരവായത്.

Top