‘കൊറോണില്‍’; ബാബ രാംദേവ് അടക്കം അഞ്ച് പേര്‍ക്കെതിരേ എഫ്‌ഐആര്‍

ജയ്പുര്‍: കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്ക്ക് എതിരേ കേസ്.

ജയ്പുര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് കൊറോണില്‍ കോവിഡ് ഭേദമാക്കുന്ന മരുന്നായി പ്രചരിപ്പിച്ച് ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണില്‍ എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് രാംദേവ്, ആചാര്യ ബാല്കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര് അനുരാഗ് തോമര്‍ എന്നിവര്‌ക്കെതിരേയാണ് ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകള്‍ക്കകം കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദേശിച്ചിരുന്നു.

‘കൊറോണില്‍ ആന്‍ഡ് സ്വാസരി’എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്.

തുടര്‍ന്ന് ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയവ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു.

Top