രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്: അടൂര്‍

തിരുവനന്തപുരം: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സാസംകാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു അനീതി നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്.ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു അങ്ങനെ കത്തെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരം കാണുക എന്നതാണ് സാധാരണ ഗതിയില്‍ ഭരണകൂടം ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും അടൂര്‍ പ്രതികരിച്ചു.

കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു. ഗോഡ്സെ ഗാന്ധിജിയെവെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെവെടിവെച്ചവര്‍ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അവരെല്ലാം ഇപ്പോള്‍ എംപിമാരാണ്. അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് രാമചന്ദ്ര ഗുഹ, മണി രത്നം തുടങ്ങി 49 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Top