15 കോടി മുസ്ലീങ്ങള്‍’; വര്‍ഗ്ഗീയത കത്തിച്ച വാറിസ് പത്താനെതിരെ എഫ്‌ഐആര്‍

രാജ്യത്തെ 15 കോടി വരുന്ന മുസ്ലീങ്ങള്‍ ഒരുമിച്ച് നിന്നാല്‍ 100 കോടി വരുന്ന ഹിന്ദുക്കള്‍ക്ക് നേരിടാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവന നടത്തിയ എഐഎംഐഎം നേതാവ് വാറിസ് പത്താനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിലാണ് എഫ്‌ഐആര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 117, 153, 153എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘നമുക്ക് ഒരുമിച്ച് നീങ്ങണം. നമുക്ക് ആസാദി നേടിയെടുക്കണം. ചോദിച്ചാല്‍ കിട്ടാത്ത കാര്യങ്ങള്‍ നമുക്ക് ബലം പ്രയോഗിച്ച് നേടണം, ഒരു കാര്യം ഓര്‍ക്കണം നമ്മള്‍ വെറും 15 കോടി ആളുകള്‍ മാത്രമാണ്, പക്ഷെ ഒരുമിച്ച് നിന്നാല്‍ 100 കോടി വരുന്ന ഭൂരിപക്ഷം ഇത് താങ്ങില്ല, അത് ഓര്‍മ്മിക്കണം’, ഒരു റാലിയില്‍ വാറിസ് പത്താന്‍ പ്രഖ്യാപിച്ചു.

കല്‍ബുര്‍ഗിയില്‍ നടന്ന പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിലായിരുന്നു വാറിസ് പത്താന്റെ വര്‍ഗ്ഗീയ പ്രസ്താവന. എന്നാല്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് പത്താന്‍ പ്രതികരിച്ചത്. സംഭവത്തില്‍ നേതാവില്‍ നിന്നും വിശദീകരണം തേടിയതായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദ് ഉള്‍ മുസ്ലീമിന്‍ വ്യക്തമാക്കി.

വാറിസ് പത്താന്റെ പ്രസ്താവനയെ പാര്‍ട്ടി കൈയൊഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് എഐഎംഐഎം നേതാവ് ഒവൈസി പങ്കെടുത്ത മറ്റൊരു ചടങ്ങില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിന് ഇടെയാണ് വാറിസ് പത്താന്‍ വിവാദ പ്രസ്താവന നടത്തിയത്.

Top