fir accident in kozhicode mittayi street

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ തീപിടുത്തം.

11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തീ പിടുത്തമുണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കടയിലെ ജനറേറ്ററിന്റെ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.

ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് ഇപ്പോള്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. മോഡേണ്‍ ടെക്‌സ്‌റ്റെയില്‍സിന് പുറമെ മറ്റ് അഞ്ച് കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

സമീപത്തെ കടയിലും ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തീ അണക്കാന്‍ പൂര്‍ണമായും കഴിയാത്തത് കൊണ്ട് ആളുകള്‍ മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്. എങ്കിലും നിരവധി ആളുകളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അപകട സാധ്യതയുള്ളത് കൊണ്ട് സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

2007 ലെ വന്‍ തീപിടിത്തത്തിന് ശേഷവും, 2010 ലും, 2015 ലും നിരവിധി കടകള്‍ അഗ്‌നിക്കിരയായ സംഭവം ഉണ്ടായതിന് ശേഷവും ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ ശക്തമായ നിര്‍ദേശങ്ങള്‍ മിഠായിതെരുവിലെ ഓരോ കടയുടമയ്ക്കും നല്‍കിയിരുന്നുവെങ്കിലും ആരും കാര്യമായെടുക്കാത്തതാണ് വീണ്ടും അപകടമുണ്ടാവാന്‍ കാരണമാകുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ദിവസേനജനങ്ങള്‍ തിങ്ങി നിറയുന്ന മിഠായി തെരുവിലെ കടകളിലൊന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷ് മെഷീനുകളോ മറ്റോ പേരിന് പോലുമില്ലാത്തതും അപകടം വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടസാധ്യത മുന്നില്‍ കണ്ട് എല്ലാ കടകളിലും ഫയര്‍ എക്സ്റ്റിങ്ഗ്യുഷറുകള്‍ സ്ഥാപിക്കുക, കാര്‍ഡ് ബോര്‍ഡുകളടക്കമുള്ള വസ്തുക്കള്‍ അടുക്കിവയ്ക്കുക, വൈദ്യുതി കണക്ഷനുകളും വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ഫയര്‍ഫോഴ്‌സ് നല്‍കിയതെങ്കിലും ആരും ഇതുവരെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടിട്ടില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളും അടുക്കും ചിട്ടയുമില്ലാതെ സൂക്ഷിച്ച സാധനങ്ങളും തലങ്ങും വിലങ്ങുമുള്ള അടുക്കളകളും ഒഴിവാക്കിയ വസ്തുക്കളുമെല്ലാം നിറഞ്ഞ മിഠായിതെരുവ് തീ പടരാന്‍ ഏറെ സൗകര്യമുള്ളതാണ്.

Top