കേരളത്തിൽ ‘അവതാർ 2’വിന് പ്രദർശന വിലക്കുമായി ഫിയോക്ക്

ഗോള തലത്തിൽ സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാർ 2’. ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. വിതരണക്കാര്‍ കൂടുതൽ തുക ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം.മിനിമം മൂന്നാഴ്ച്ച അവതാർ 2 പ്രദർശിപ്പിക്കണം എന്നതും അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50.50 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ അവതാർ 2 അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് വ്യക്തമാക്കി.

ഡിസംബർ 16-ന് ആണ് ‘അവതാർ- ദി വേ ഓഫ് വാട്ടർ’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉൾപ്പടെ ഇന്ത്യയിലെ 6 ഭാഷകളിൽ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു.

2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top