നാറ്റോ അംഗത്വം നേടി ഫിന്‍ലന്‍ഡ്; റഷ്യയ്ക്ക് കനത്ത തിരിച്ചടി

നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നേടി ഫിൻലൻഡ്. റഷ്യയുടെ എതിർപ്പ് നിലനിൽക്കെയാണ് ഫിൻലൻഡിന് നാറ്റോയിൽ അംഗത്വം ലഭിച്ചിരിക്കുന്നത്. ഇതോടെ, നാറ്റോ അംഗരാജ്യങ്ങളുടെ എണ്ണം 31 ആയി. നാറ്റോയിലെ പ്രധാന സഖ്യകക്ഷിയായ തുർക്കി പാർലമെന്റ് ഫിൻലൻഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് സഖ്യ പ്രവേശനം സാധ്യമായത്. അതേസമയം, ഫിൻലൻഡിനൊപ്പം അപേക്ഷ നൽകിയ സ്വീഡന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

യുക്രൈൻ യുദ്ധം കൊടുമ്പിരികൊണ്ടു നിൽക്കുമ്പോഴുള്ള അയൽരാജ്യത്തിന്റെ നാറ്റോ പ്രവേശനം റഷ്യയ്ക്ക് തിരിച്ചടിയാണ്. നാറ്റോയിൽ ചേർന്നാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ചേരിചേരാ നയമാണ് ഫിൻലൻഡ് സ്വീകരിച്ചുവന്നിരുന്നത്. എന്നാൽ യുക്രൈൻ യുദ്ധത്തിന് പിന്നാലെ, നാറ്റോയ്‌ക്കൊപ്പം ചേരാൻ ഫിൻലൻഡ് തീരുമാനിക്കുകയായിരുന്നു. യുക്രൈന്റെ നാറ്റോ പ്രവേശന ആവശ്യം ഇതുവരെയും സാധ്യമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രസൽസിൽ ചേർന്ന നാറ്റോ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഫിൻലൻഡിന് അംഗത്വം നൽകിയത്. ശേഷം, നാറ്റോ ആസ്ഥാനത്ത് ഫിൻലൻഡ് പതാക ഉയർത്തി.

Top