പ്ലാസ്റ്റിക് നിരോധനം; പിഴ ഈടാക്കാനുളള നടപടിയില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു പിഴ ഈടാക്കാനുളള നടപടിയില്‍ ഇപ്പോഴും അനിശ്ചിതത്വം. ഇന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായില്ല.

ജനുവരി ഒന്നുമുതല്‍ നിരോധനം നിലവില്‍വന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു.ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കും.

ഇതിനെതിരെ വ്യാപാരികളില്‍ നിന്നും ആദ്യഘട്ടത്തിലേ എതിര്‍പ്പുയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുകയുമാണ്. കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല. എന്നാല്‍ രണ്ട് കൂട്ടരും കടകളില്‍ പരിശോധന നടത്താനോ പ്ലാസ്റ്റിക് പിടിച്ചെടുക്കാനോ തല്‍ക്കാലം ആലോചിക്കുന്നില്ല. ബോധവല്‍ക്കരണവും ബദല്‍മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കലുമായിരുന്നു പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം. ബദല്‍ ഉല്‍പന്നങ്ങള്‍ ആവശ്യത്തിന് വിപണിയിലെത്തിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

Top