ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവം; ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനുമെതിരെ നടപടിയെടുത്തേക്കും

മലപ്പുറം: പൊന്നാനിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ പൊന്നാനി സര്‍ക്കാര്‍ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്‌സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യൂട്ടി ഡോക്ടര്‍ക്കും വാര്‍ഡ് നഴ്‌സിനും ജാഗ്രതക്കുറവുണ്ടായി. ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് വിവരം.

ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്സാനക്ക് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് റുഖ്സാനയുടെ കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Top