വിന്റേജ് ഫീലിലും കളര്‍ ടോണിലുമായി ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും

ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ഇന്‍വസ്റ്റിഗേറ്റിവ് ഡ്രാമ തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകവും അത് അന്വേഷിക്കാനായി ഉദ്യോഗസ്ഥര്‍ നടത്തുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഇതുവരെയിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍. ഇപ്പോള്‍ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ പതിവ് കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ അവതരണരീതിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ഈ സിനിമയില്‍ പിന്തുടര്‍ന്നിരിക്കുന്നത് എന്ന് വ്യക്തമാവുകയാണ്.

സാധാരണ ഇരുണ്ട പശ്ചാത്തലത്തിലായിരിക്കും കുറ്റാന്വേഷണ ചിത്രങ്ങള്‍ പോലുള്ള ത്രില്ലര്‍ സിനിമകള്‍ തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വിഭിന്നമായി വിന്റേജ് ഫീലിലും കളര്‍ ടോണിലുമായാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ഈ ചിത്രം എത്തുകയെന്നാണ് ടീസറും ട്രെയ്‌ലറും തരുന്ന സൂചന. ജിനു വി എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തില്‍ എസ്. ഐ ആനന്ദ് നാരായണന്‍ എന്ന പൊലീസ് ഉദ്ദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പ്രശസ്ത തെന്നിന്ത്യന്‍ സംഗീതജ്ഞനായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങുന്നതിനോടനുബന്ധിച്ച്, ‘മലയാളത്തില്‍ എന്റെ സ്വപ്നത്തിന് തുടക്കമാകുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഉടന്‍ എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top