നിപ ഉറവിടം കണ്ടെത്തുക നിര്‍ണായകം; പൂണെ വൈറോളജി സംഘം ഇന്നെത്തും

nipah 1

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പന്ത്രണ്ട് വയസ്സുകാരന് എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്.

അതേസമയം, പൂണെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടില്‍ നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കും.

രോഗം പകര്‍ന്നത് മൃഗങ്ങളില്‍ നിന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കും. വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാന്‍ കഴിയും. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളില്‍ ഈ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തും.

Top