ഫിഞ്ച് ടെസ്റ്റ് : പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ടീമിലേക്ക് തിരിച്ചു വിളിച്ചു

മെല്‍ബണ്‍: പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഏകദിന സ്‌പെഷലിസ്റ്റ് ആരോണ്‍ ഫിഞ്ചിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തി. പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെയും ടീമിലേക്ക് മടക്കിവിളിച്ചു.

പാക്കിസ്ഥാനെതിരേ രണ്ടു മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ക്യാപ്റ്റനായി തുടരും. മാര്‍നസ് ലബുച്ഛാനെ, മൈക്കിള്‍ നെസര്‍, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. രണ്ടു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ജോണ്‍ ഹോളണ്ടിനെയും സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം, ഓപ്പണര്‍ ജോ ബേണ്‍സ് എന്നിവരെ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരും പേസര്‍മാരായ ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരും ഇല്ലാതെയാണ് ഓസീസ് പാക്കിസ്ഥാനെ നേരിടാന്‍ പോകുന്നത്.

Top