സാമ്പത്തിക സംവരണ വിധി; തമിഴ്നാട് സർക്കാർ പുനഃപരിശോധന ഹർജി നൽകും

ദില്ലി : സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്.

കേസിൽ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാൻ സർവകക്ഷിയോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. നേരത്തെ സമസ്ത അടക്കമുള്ള മുസ്സിം സംഘടനകളും വിധിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭേദഗതി സുപ്രീം കോടതി ശരിവെച്ചെങ്കിലും വിധി പ്രസ്താവത്തിൽ ബെഞ്ചിൽ നിന്ന് ഉയർന്ന നീരീക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

സംവരണത്തിന് സമയപരിധി വേണമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വർഷം സമൂഹത്തിന്റെ വിശാല താൽപര്യം കണക്കിലെടുത്ത് സംവരണത്തിൽ പുനഃപരിശോധന ആവശ്യമെന്നും ജസ്റ്റിസ് ബേലാ എം ത്രിലേദി വ്യക്തമാക്കിയിരുന്നു. ഈ നീരീക്ഷണങ്ങൾ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് ദളിത് സംഘടനകളും കരുതുന്നത്. കൂടാതെ പത്ത് ശതമാനം സംവരണത്തോടെ സംവരണപരിധി ആറുപത് ശതമാനം കടന്നതിനെയും ഹർജിക്കാർ ചോദ്യം ചെയ്യുന്നു.

പൊതുവിഭാഗത്തിൽ എല്ലാവർക്കും അർഹമായ സംവരണം സാമ്പത്തിക നില കണക്കിലെടുത്ത് മേൽജാതിയിൽ പെട്ടവർക്ക് മാത്രം നൽകുന്നതിനെ ചോദ്യം ചെയ്യാനാകും ഹർജിക്കാർ ഇനി ശ്രമിക്കുക. എന്നാൽ മണ്ഡലകമ്മീഷൻ റിപ്പോർട്ടുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യം ഈ വിധി വഴി മറിക്കടക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സമുദായിക അടിസ്ഥാനത്തിലല്ലാതെ എല്ലാവർക്കും ക്ഷേമപദ്ധതികൾ എന്ന നയമാകും കേന്ദ്രസർക്കാർ ഇനി നടപ്പാക്കാനൊരുങ്ങുക.

Top