സാമ്പത്തിക ഇടപാട് ; നീരവ് മോദിക്കെതിരെയുള്ള റിപ്പോര്‍ട്ട് 2015ല്‍ നല്‍കിയിരുന്നതായി സൂചന

NEEERAVMODI

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നീരവ് മോദിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് 2015ല്‍ അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ആക്‌സിസ് ബാങ്കിന്റെ എസ്.ടി.ആര്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് സംബന്ധിച്ച വിവരം ഇന്ത്യയിലെ എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അന്വേഷണ ഏജന്‍സി അറിയിച്ചു. നീരവ് മോദിക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് നടത്തിയ 500ല്‍ അധികം ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് 2014 മെയ് മാസത്തില്‍ ആക്‌സിസ് ബാങ്ക് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന് നല്‍കിയത്.

നീരവ് മോദിയുടെ സ്ഥാപനങ്ങളായ സ്റ്റേല്ലര്‍ ഡയമണ്‍ഡ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കമ്പനികള്‍ നടത്തിയ ഇടപാടുകള്‍ സാധാരണ സാമ്പത്തിക ഇടപാടുകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആക്‌സിസ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വലിയ തുക ആര്‍ടിജിഎസ് വഴി അനധികൃതമായി കൈമാറിയതാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിദേശത്തുള്ള മറ്റൊരു ബാങ്കിന്റെ ജാമ്യച്ചീട്ട് വഴിയാണ ഇടപാടുകള്‍ നടത്തിയതെന്നും ഇത്തരം സാഹചര്യത്തില്‍ വ്യക്തമായ നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

Top