Financial fraud; IB began the investigation

ന്യൂഡല്‍ഹി: കേരളത്തില്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിമുറുക്കിയ സാഹചര്യത്തില്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

ഐബി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അഴിമതി പണത്തിന്റെ ഉറവിടം തേടി കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

രാഷ്ട്രീയക്കാരുടെ അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണവും കണ്ടെത്തലുകളും മാത്രമല്ല കള്ളപ്പണ ഇടപാടുകളില്‍ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്വീകരിച്ച നടപടികളും ഐബി പരിശോധിക്കുന്നുണ്ട്.

പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ വിജിലന്‍സ് അധികൃതര്‍ ഇന്‍കം ടാക്‌സ്- എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളോട് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ഇന്‍കംടാക്‌സ് അധികൃതര്‍ സ്വീകരിച്ചത് ഏത് സാഹചര്യത്തിലാണെന്നും ഐബി പരിശോധിക്കുന്നുണ്ട്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ആസ്തി വിവരങ്ങള്‍ നല്‍കാമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ നിലവില്‍ അഴിമതി നിരോധന നിയമപ്രകാരം കെ ബാബുവും കെ എം മാണിയുമുള്‍പ്പെടെയുള്ള ഉന്നതര്‍ക്കുമെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ആദായവകുപ്പ് എടുത്ത സമീപനം സംശയാസ്പദമായിട്ടാണ് ഐബി ഉദ്യോഗസ്ഥര്‍ കാണുന്നത്.

ഇന്‍കംടാക്‌സ് വകുപ്പ് സ്വകാര്യധനകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സംശയകരമായ നിക്ഷേപങ്ങളും നിക്ഷേപകരായ പൊതുപ്രവര്‍ത്തകരുമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെങ്കിലും ഇത്തരം വിവരങ്ങള്‍ സംസ്ഥാന വിജിലന്‍സിന് നല്‍കുന്നതില്‍ അപാകതയില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഇന്‍കം ടാക്‌സ് ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാവട്ടെ വിജിലിന്‍സിനോട് പൂര്‍ണ്ണമായി സഹകരിക്കാമെന്ന നിലപാടിലുമാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രണ്ട് അന്വേഷണ ഏജന്‍സികള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ദുരൂഹതയുണര്‍ത്തുന്നതാണ്.

പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടന്നതിന്റെ സൂചനയാണോ ഇന്‍കം ടാക്‌സ് അധികൃതരുടെ ഇപ്പോഴത്തെ നിലപാടെന്നതാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോള്‍ പരിശോധിക്കുന്നത്.

ധനകാര്യ സ്ഥാപനത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കുന്നതോടൊപ്പം തന്നെ കെ ബാബു, അടൂര്‍ പ്രകാശ് , കെ എം മാണി, ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല തുടങ്ങി ഉന്നതരുടെയും ആരോപണ വിധേയരായ ഐഎഎസ്, ഐപിഎസ് ഉദ്വോഗസ്ഥരെ സംബന്ധിച്ച സാമ്പത്തിക ഇടപാടുകളും ഐബിയുടെ അന്വേഷണ പരിധിയിലാണ്. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനാണ് ഐബിയുടെ നീക്കം.

അതേ സമയം അഴിമതിക്കേസില്‍ മലബാര്‍ സിമന്റ് എംഡി കെ പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാട്ടിയ വിജിലന്‍സ് സമാനമായ കേസുകകളില്‍ പ്രതികളായ ഉന്നതരെയും ജയിലിലടക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഉന്നത പദവിയിലിരുന്നു വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ കേസ് അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

മുന്‍ധനമന്ത്രി കെഎം മാണിക്കെതിരെ ബാര്‍ കോഴ അഴിമതിക്ക് പിന്നാലെ അഞ്ചോളം അഴിമതിക്കേസുകളിലും വിജിലന്‍സ് അന്വേഷണം നിലവില്‍ നടക്കുന്നുണ്ട്.

കോഴി നികുതി,സ്വര്‍ണ്ണം നികുതി വെട്ടിപ്പുകള്‍ക്ക് പിന്നാലെ സമൂഹ വിവാഹം, പ്ലീഡര്‍ നിയമനം, കെഎസ്എഫ്ഇ നിയമനം എന്നിവയില്‍ നടത്തിയ കോടികളുടെ അഴിമതി ആരോപണത്തിലും വിജിലന്‍സ് കഴിഞ്ഞ ദിവസം മാണിക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

സിഡ്‌കോ മുന്‍ എംഡി സജി ബഷീര്‍, മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് വിജിലന്‍സ് കെ എം മാണിക്കെതിരെ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയത്.

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും കുടുംബത്തിന്റെയും ബിനാമികളുടെയും സ്വത്തുവിവരങ്ങള്‍ തേടി വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. വിവിധയിടങ്ങളില്‍ ബിനാമി പേരില്‍ ഏക്കറുകണക്കിന് ഭൂമിയും കോടികളുടെ സ്വര്‍ണ്ണവും നിക്ഷേപങ്ങളും ബാബുവിന് ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍,സിഎന്‍ ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ്, പി ജെ ജോസഫ്, കെ പി മോഹനന്‍, എം കെ മുനീര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരും നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്.

മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയുടെ ‘പാപക്കറ’യില്‍ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസുകാര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് തടസ്സമുണ്ടാവില്ല. കാരണം ഐഎഎസുകാരും ഐപിഎസുകാരും അടക്കമുള്ള കേന്ദ്രസര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് അധികാരമുണ്ട്. അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യവുമില്ല. അതുകൊണ്ട് തന്നെ വിജിലന്‍സിന് പിന്നാലെ ഐബി നടത്തുന്ന അന്വേഷണം ആരേപണവിധേയര്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്.

Top