കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നു. പരാതിക്കാരന് സ്ഥാപന ഉടമ മുഴുവന്‍ പണവും തിരികെ നല്‍കും. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നാണ് സൂചന.

ആറന്മുള സ്വദേശിയായ ഹരികൃഷ്ണനാണ് പരാതിക്കാരന്‍. ന്യൂഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയനാണ് പണം തിരികെ നല്‍കാമെന്ന് അറിയിച്ചത്. പുതിയതായി ആരംഭിക്കുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2018 മുതല്‍ പണം വാങ്ങിയതെന്ന് ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പത്ത് പ്രതികളാണ് കേസിലുള്ളത്. പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ആറന്‍മുള പൊലീസാണ് കേസെടുത്തത്. കുമ്മനത്തിന്റെ മുന്‍ പിഎയാണ് കേസിലെ ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബിജെപി വെള്ളിയാഴ്ച കരിദിനം ആചരിക്കും.

Top