സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മലയാളി നടി ലീനാ മരിയപ്പോള്‍ ഡല്‍ഹിയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് താരത്തെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കസ്റ്റഡിയിലെടുത്തത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീനയെ കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും ഇഡി പിടിച്ചെടുത്തു.

ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. ലീനയെ നാളെ കോടതിയില്‍ ഹാജരാക്കും. പിന്നീടാകും തുടര്‍ നടപടികള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്യപ്പെടും. ലീനയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപ തട്ടിയ കേസിലും കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപ തട്ടിയ കേസിലും 2013 ല്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

Top