മോദി തന്റെ മ്യൂസിയം സന്ദർശിക്കും, ഖുറാന് 145 കോടി.. മോൻസന്റെ തള്ളുകളിൽ ക്രൈംബ്രാഞ്ച് ഞെട്ടി!

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവും വിറ്റു കാശാക്കി. ഫോണിലൂടെ ഇയാള്‍ ഇടപാടുകാരോട് ഇറക്കിയ നമ്പറുകള്‍ കേട്ട് അന്വേഷണ സംഘം അന്തം വിട്ടു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ രണ്ട് കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂരിലെ തന്റെ മ്യൂസിയം വീട് സന്ദര്‍ശിക്കുമെന്ന് മോന്‍സണ്‍ പലരോടും ഫോണിലൂടെ പങ്കുവച്ചിരുന്നു. ഉന്നത പൊലീസ് ബന്ധങ്ങളുള്ള മോന്‍സന്റേത് തള്ളാണെന്ന് ആരും കരുതിയില്ല. പ്രധാനമന്ത്രിയെ വരെ എത്തിക്കാന്‍ സ്വാധീനമുള്ള മോന്‍സണിന്റെ ഫെമ കേസും യഥാര്‍ത്ഥ്യമാണെന്ന് വിശ്വസിച്ചാണ് പലരും പണം നല്‍കിയത്.

പുരാതനമായ ഖുറാന്‍ 145 കോടി രൂപയ്ക്ക് അറബ് രാജ്യത്ത് വിറ്റെന്നും, കൊച്ചി വിമാനത്താവളത്തില്‍ സ്‌പെഷ്യല്‍ ഫ്‌ലൈറ്റ് എത്തിയാണ് ഇതു കൊണ്ടുപോയതെന്നും മോന്‍സണ്‍ പലരെയും വിശ്വസിപ്പിച്ചിരുന്നു. ഖുറാന്‍ വാങ്ങാന്‍ ഖത്തറില്‍ നിന്ന് നാലു പേരെത്തിയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണിന്റെ അറസ്റ്റ് കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് കാക്കനാട്ടെ ജയിലിലെത്തി രേഖപ്പെടുത്തി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മോന്‍സണിന്റെ കലൂരിലെ സൗന്ദര്യവര്‍ദ്ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയില്‍ മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷിയെയും പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

 

Top