സാമ്പത്തിക മാന്ദ്യം: ടാറ്റാ കമ്പനികള്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഉത്പാദനം വെട്ടികുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ വന്‍കിട കമ്പനികള്‍ പോലും തങ്ങളുടെ ഉല്‍പ്പാദനം കുറക്കുകയാണ്. അത്തരത്തില്‍ ടാറ്റാ കമ്പനികളും ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ പ്രഹരം മോട്ടോര്‍ വാഹന വ്യവസായത്തിനായിരുന്നു. ഝാര്‍ഖണ്ഡിലെ ജംഷെഡ് പൂരാണ് ഓട്ടോമോബൈല്‍ വ്യവസായത്തിന്റെ തലസ്ഥാനം. ഇവിടെ നിരവധി കരാര്‍ കമ്പനികള്‍ പൂട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ തെരുവിലായി. അതിരൂക്ഷമാണ് ഇവിടത്തെ സാഹചര്യം. രണ്ടര മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമായത് 60,000 പേര്‍ക്കാണ്. മുഴുവനും കരാര്‍ ജീവനക്കാര്‍. ശരാശരി 500 പേരുള്ള സ്ഥാപനത്തില്‍ ഇപ്പോള്‍ 100 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. 80,000 പേര്‍ക്ക് തൊഴിലില്ലാതായെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

450 വാഹനങ്ങളാണ് ടാറ്റ കമ്പനിയുടെ പ്രതിദിന ശേഷി. ഇപ്പോള്‍ വെറും 100 എണ്ണം മാത്രം . ഒരു മാസത്തിനുള്ളില്‍ കമ്പനി അവധി നല്‍കിയത് 15 ദിവസങ്ങള്‍. പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നാണ് വ്യവസായികളുടെ കുറ്റപ്പെടുത്തല്‍. സ്ഥാപനങ്ങളുടെ ടേണ്‍ ഓവര്‍ 20% ആണ് കുറഞ്ഞത്. ഇതാദ്യമായാണ് ഇത്ര വലിയ ഒരു പ്രതിസന്ധി കമ്പനി അഭിമൂഖീകരിക്കുന്നത്.

മാരുതി ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളും തങ്ങളുടെ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. ജൂലൈ മാസത്തില്‍ കമ്പനി ഉല്‍പാദനത്തില്‍ 25.15 ശതമാനത്തിന്റെ കുറവ് വരുത്തി. തുടര്‍ച്ചയായ ആറാം മാസമാണ് മാരുതി ഉത്പാദനത്തില്‍ കുറവ് വരുത്തുന്നത്.

ഇന്ത്യയിലെ വാഹന വില്‍പന ഏപ്രില്‍ മാസത്തില്‍ 17 ശതമാനത്തോളം കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇന്ത്യയിലെ വാഹന വിപണി നേരിടുന്നത്.

Top