സാമ്പത്തിക പ്രതിസന്ധി; ഓണം അലവന്‍സും ശമ്പളവും മുടങ്ങിയേക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് ഓണം ഉല്‍സവ ബത്തയും ശമ്പള അഡ്വാന്‍സും നല്‍കാനാവാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ സഹായമുണ്ടെങ്കില്‍ മാത്രമേ ജീവനക്കാരുടെ ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും ബോര്‍ഡിന് നല്‍കാന്‍ സാധിക്കൂ. വെറും അഞ്ചു കോടി രൂപ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ബാക്കിയുളളത്.

ഓണത്തിന് ഒരാഴ്ച്ചമുന്‍പ് ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡിലെ പതിവ്. സര്‍ക്കാര്‍ സര്‍വ്വീസിന് തുല്ല്യമായ സേവന വേതന വ്യവസ്ഥകളാണ് ദേവസ്വം ബോര്‍ഡും നല്‍കുന്നത്. ഫെസ്റ്റിവല്‍ അലവന്‍സായി 2500 രൂപയും ബോണസായി 4000 രൂപയും അഡ്വാന്‍സായി 15000 രൂപയുമാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞ പ്രാവശ്യം അനുവദിച്ചത്. പക്ഷേ ഇക്കുറി ഇതുണ്ടാകില്ലെന്നാണ് സൂചന. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കേണ്ടി വരും. ഇപ്പോള്‍ കയ്യിലുള്ള അഞ്ചുകോടി രൂപ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും തികയില്ല.

ഓണ ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമ്പലങ്ങളില്‍ നിന്നും കാര്യമായ വഴിപാട് വരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം. ഇത് ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാരിനെ സമിപിക്കാനാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനം.

Top