സാമ്പത്തിക പ്രതിസന്ധി; ഓണം കടന്നുകൂടാന്‍ ചുരുങ്ങിയത് 8000 കോടി വേണമെന്ന് സംസ്ഥാന ധനവകുപ്പ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണക്കാലം കടന്ന് കൂടാന്‍ ചുരുങ്ങിയത് 8000 കോടി രൂപയുടെ ചെലവ് കണക്കാക്കി സംസ്ഥാന ധനവകുപ്പ്. ക്ഷേമ പെന്‍ഷന്‍ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഉത്സവകാലത്തെ പ്രത്യേക ചെലവുകള്‍ക്കുമായാണ് തുക. അടിയന്തര സാമ്പത്തിക അനുമതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി നല്‍കിയ നിവേദനത്തോട് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് ഇത് വരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.

ചെലവ് കര്‍ശനമായി ചുരുക്കിയാലേ പിടിച്ച് നില്‍ക്കാനാകു എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന ഖജനാവിന് വെല്ലുവിളിയായി ഓണക്കാലത്തെ അധിക ചെലവുകള്‍. ഓണമടുക്കുമ്പോഴേക്ക് ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസം തീരുമാനിച്ചാല്‍ പോലും 1700 കോടി വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കണ്ടെത്തേണ്ടത് 3398 കോടി.

ബോണസും ഉത്സവ ബത്തയും അഡ്വാന്‍സ് തുക അനുവദിക്കുന്നതും അടക്കം വരാനിരിക്കുന്നത് വലിയ ചെലവാണ്. വിവിധ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഉത്സവകാല ആനുകൂല്യങ്ങള്‍ക്ക് കണ്ടെത്തേണ്ട തുക വേറെ. കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്ത് തീര്‍ക്കുകയും വേണം. വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത പ്രതിസന്ധി സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഡിസംബര്‍ വരെയുള്ള 9 മാസം കടമെടുക്കാന്‍ അനുമതി കിട്ടിയ 15000 കോടിയില്‍ ഇനി നാലായിരം കോടി മാത്രമാണ് ബാക്കിയുള്ളത്. വായ്പാ പരിധി കഴിഞ്ഞതോടെ ഓവര്‍ഗ്രാഫ്റ്റിലായ സംസ്ഥാന ഖജനാവിനെ 1500 കോടിയുടെ കടപത്രമിറക്കിയാണ് താല്‍കാലികമായി പിടിച്ച് നിര്‍ത്തിയത്. മാര്‍ച്ച് മാസ ചെലവുകള്‍ക്ക് ശേഷം ഏറ്റവും അധികം ചെലവ് വരുന്ന ഓണക്കാലം കൂടി കഴിയുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാന ഖജനാവിനെ കാത്തിരിക്കുന്നത്. 15000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതികള്‍ തേടി കേന്ദ്രത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിവേദനം നല്‍കിയിരുന്നെങ്കിലും അതിലൊന്നും ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല.

Top