സാമ്പത്തിക പ്രതിസന്ധി ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ആര്‍.സി.ബുക്കിന്റെയും പ്രിന്റിംഗ് നിലച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ആര്‍.സി.ബുക്കിന്റെയും പ്രിന്റിംഗ് നിലച്ചു. കരാര്‍ കമ്പനിക്ക് ഒന്‍പത് കോടി കടമായതോടെയാണ് പ്രിന്റിംഗ് നിര്‍ത്തിയത്. ടെസ്റ്റ് പാസായിട്ടും ലൈസന്‍സ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്.

കരാറുകാരന് പണം ധനവകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. നിലവിലെ ലൈസന്‍സിന് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ 200 രൂപ അടയ്ക്കണം, പുതിയ ലൈസന്‍സിനാണെങ്കില്‍ 1005 രൂപ. തപാലിലെത്താന്‍ 45 രൂപ വേറെയും നല്‍കണം. ഫലത്തില്‍ ഡ്രൈവിംഗ് പഠിച്ചെടുത്ത് എച്ചും എട്ടും വരച്ച് പരീക്ഷ പാസായി പണമടച്ച് കാത്തിരിക്കുന്നവരാണ് സര്‍ക്കാരിന്‍രെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇപ്പോള്‍ ക്ഷ വരയ്ക്കുന്നത്.ഒരു പൊതുമേഖല സ്ഥാപനത്തിനാണ് ലൈസന്‍സ് അച്ചടിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കൊച്ചിയില്‍ ലൈസന്‍സും ആര്‍സി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒന്‍പത് കോടിയാണ് നിലവിലെ കുടിശ്ശിക. സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ ഒക്ടോബര്‍ മുതല്‍ അച്ചടി നിര്‍ത്തി. ഇതിനിടെ പോസ്റ്റല്‍ വകുപ്പിനും കടമായി. ഏഴു കോടി. അച്ചടിച്ചിറക്കിയ ലൈസന്‍സുകള്‍ അയക്കാന്‍ പോസ്റ്റല്‍ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റല്‍ വകുപ്പിന് അടുത്തിടെ നല്‍കി.

തിരുവനന്തപുരം സ്വദേശി ഷാരോണിനെപോലെ ലൈസന്‍സ് കിട്ടിയിട്ട് ജീവിതം മുന്നോട്ടുപോകേണ്ട നിരവധിപ്പേരുണ്ട്. വായ്പയെടുത്താണ് ബൈക്ക് വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയായിരുന്നു ലക്ഷ്യം. ഈ വണ്ടി റോഡിലിറങ്ങി ഓടി തുടങ്ങിയാലേ വണ്ടിയുടെ വായ്പയും വീടുവാടകയുമൊക്കെ തിരിച്ചടക്കാന്‍ പറ്റൂ. കഷ്ടപ്പെട്ടാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത്. മൂന്നു മാസം മുമ്പ് ലൈസന്‍സിനായി പണം അടച്ചെങ്കിലും ഇതുവരെ ലൈസന്‍സ് കയ്യിലെത്തിയില്ല.

Top