സാമ്പത്തിക പ്രതിസന്ധി; കോമൺവെൽത്തിനിടെ മുങ്ങി ശ്രീലങ്കൻ താരങ്ങൾ

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘത്തെ കാണാതായതായി റിപ്പോർട്ട്. ഒൻപത് അത്‌ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന സംഘമാണ് മത്സരങ്ങൾക്കു പിന്നാലെ മുങ്ങിയിരിക്കുന്നത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നത്തിനിടെ ബ്രിട്ടനിൽ തന്നെ കഴിയാനായാണ് ഇവർ പദ്ധതിയിടന്നതെന്നാണ് റിപ്പോർട്ട്. ശ്രീലങ്കൻ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജുഡോ താരം ചാമില ദിലാനി, മാനേജർ അസേല ഡി സിൽവ, റെസ്‌ലിങ് താരം ഷാനിത് ചതുരങ്ക എന്നിവരെയാണ് ആദ്യം കാണാതായത്. പിന്നാലെ മറ്റ് ഏഴുപേർ കൂടി മുങ്ങിയതായി ശ്രീലങ്കൻ വൃത്തങ്ങൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം ആഗ്രഹിച്ച് എവിടെയെങ്കിലും ജോലി തരപ്പെടുത്തി ബ്രിട്ടനിൽ തന്നെ കഴിയാനാകും താരങ്ങൾ നോക്കുന്നതെന്നാണ് സംശയിക്കുന്നത്.

ആകെ 160 പേരാണ് കോമൺവെൽത്ത് ഗെയിംസിനായെത്തിയ ശ്രീലങ്കൻ സംഘത്തിലുള്ളത്. താരങ്ങൾ മുങ്ങാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് എല്ലാവരുടെയും പാസ്‌പോർട്ടുകൾ കായികവൃത്തങ്ങൾ വാങ്ങിവച്ചിരുന്നു. എന്നാൽ, ഇത് മറികടന്നാണ് പത്തോളം പേർ രക്ഷപ്പെട്ടത്. അതിനിടെ, കാണാതായ മൂന്നു താരങ്ങളെ ബ്രിട്ടീഷ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് നിയമം ലംഘിച്ചില്ലെന്നും ആറു മാസത്തെ വിസയുള്ളവരാണെന്നും കണ്ട് ഇവർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, താരങ്ങളെ കാണാതായതിനെക്കുറിച്ച് പ്രതികരിക്കാൻ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമോ പൊലീസോ തയാറായിട്ടില്ല.

Top