സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സുപ്രിം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റു പ്രതിനിധികള്‍.

സാമൂഹ്യ പെന്‍ഷന്‍ അടക്കം നല്‍കേണ്ടതിനാല്‍ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിര്‍ദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചര്‍ച്ചയില്‍ സമ്മതം അറിയിച്ചത്. ചര്‍ച്ചയില്‍ മുന്നോട്ടുവരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജി അടുത്ത തവണ പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി ഇടപെടല്‍ ഉണ്ടാവുക.കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.

Top