സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിലാണ് ആവിശ്യം.

കേരളത്തിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ നല്കാന്‍ മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയി. ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാന്‍ കഴിയും എന്നും സുധാകരന്‍.

കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു സര്‍ക്കാരിന്റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Top