Financial crisis; Govt ordered Finance Ministry to release White paper

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സാമ്പത്തികനില സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് അനുമതി. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ മോശമാണെന്ന് ധനമന്ത്രി തോമസ് ഐസക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ട്രഷറിയില്‍ ആകെയുള്ളത് 700 കോടി മാത്രമാണെന്നും കടമെടുക്കാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നും എന്നു കരുതി ശമ്പളം മുടങ്ങുകയോ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സംസ്ഥാന ഖജനാവ് ഭദ്രമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഐസക് മറുപടിയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുന്നത് സന്തോഷകരമാണെന്നും 1009 കോടി രൂപ മിച്ചമുള്ള ഖജനാവാണ് പുതിയ സര്‍ക്കാരിന് കൈമാറിയതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.

ആദ്യപാദത്തില്‍ 4,300 കോടി കടമെടുക്കാന്‍ അനുമതി ഉണ്ടായിരുന്നിട്ടും 2,800 കോടി മാത്രമേ എടുത്തിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറിയില്‍ 700 കോടി രൂപ ബാലന്‍സുണ്ടെന്ന് വമ്പ് പറയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പക്ഷേ അദ്ദേഹം പറയാതെ വിടുന്നത് 2800 കോടി രൂപ ഇതിനകം വായ്പയെടുത്തു കഴിഞ്ഞൂവെന്ന വസ്തുതയാണെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടിരുന്നു. അടിയന്തിരമായി കൊടുക്കേണ്ടുന്ന ബാധ്യതകള്‍ എടുത്താല്‍ അത് 5784 കോടി രൂപ വരും.

ഇലക്‌ട്രോണിക് ലഡ്ജറിലേയ്ക്ക് മാറ്റിവച്ച ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കാനുള്ള പണവും പെന്‍ഷന്‍ കുടിശികയും ട്രഷറിയിലെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളും കോണ്‍ട്രാക്ടര്‍മാരുടെ ബാധ്യതകളും താല്‍ക്കാലിക വായ്പകളും ഇതില്‍പ്പെടും. പെന്‍ഷന്‍ കുടിശിക മാത്രം 806 കോടി രൂപയാണ്. അത് അടിയന്തിരമായി നല്‍കാനാണ് കാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതുമാത്രം ചെയ്താല്‍ മതി ഖജനാവ് കാലിയാകുവാന്‍ എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

Top