പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി; സുപ്രീംകോടതിയെ അറിയിച്ച് ഭരണസമിതി

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെയും ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു. പ്രത്യേക ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങള്‍ അറിയിച്ചത്.

ഓഡിറ്റിംഗില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ക്ഷേത്ര ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട വാദമുഖങ്ങളും കോടതിയില്‍ നടന്നിരുന്നു. തുടര്‍ന്ന് ഉത്തരവ് പറയാനായി മാറ്റി. ഇപ്പോള്‍ ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി പി കൃഷ്ണകുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്

ക്ഷേത്ര ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി ഒന്നേകാല്‍ കോടി രൂപയാണ് പ്രതിമാസം ചെലവ് വരുന്നത്. എന്നാല്‍, പ്രതിമാസ വരുമാനം 60 ലക്ഷത്തിനടുത്ത് മാത്രമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഇനി മുന്നോട്ടുപോവുക ദുഷ്‌കരമായിരിക്കും. സര്‍ക്കാര്‍ പ്രതിവര്‍ഷം 6 ലക്ഷം രൂപ ക്ഷേത്രത്തിനു നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും സഹകരണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top