കടമെടുത്ത് മുടിഞ്ഞു, ഒപ്പം സൈന്യവുമായി തര്‍ക്കവും; പാക് സര്‍ക്കാര്‍ പെരുവഴിയില്‍ !

കറാച്ചി: ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാമ്പത്തികപ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് വര്‍ഷത്തെ കാലയളവില്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ഭരണകൂടത്തിന് രാജ്യത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 51.6 ബില്യണ്‍ ഡോളറിന്റെ ബാഹ്യ ധനസഹായം ആവശ്യമായി വരുന്ന അവസ്ഥയാണുള്ളത്.

ഐഎംഎഫ് വിലയിരുത്തല്‍ പ്രകാരം 2021-22 കാലയളവില്‍ പാകിസ്താന് ആവശ്യമായ മൊത്തം ബാഹ്യ ധനസഹായം 23.6 ബില്യണ്‍ ഡോളറും 2022-23ല്‍ അത് 28 ബില്യണ്‍ ഡോളറുമാണെന്ന് പാകിസ്താനിലെ പ്രമുഖ പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹ്യ ധനകാര്യ ആവശ്യകതകളുടെ വിടവ് നികത്താന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി കരാര്‍ ഉണ്ടാക്കാന്‍ പാകിസ്താന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ്.

ഏറ്റവും വലിയ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ പാക്കിസ്താനും ഉള്‍പെട്ടിട്ടുള്ളതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍, ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളര്‍ കടമെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ, പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതായും റിപ്പോര്‍ട്ടുകളുണ്ട്. ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മേധാവി നിയമനവുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായ്മ ഉടലെടുത്തിരിക്കുടയാണ്.

ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെ മാറ്റി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഡയറക്ടര്‍ ജനറല്‍ ആയി ലെഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജൂമിന്റെ പേര് സൈന്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയല്‍രാജ്യമായ അഫ്ഗാനിസ്താനിലെ സാഹചര്യം കണക്കിലെടുത്ത് നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ ഹമീദ് തന്നെ ഐഎസ്ഐ മേധാവിയായി തുടരണമെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വയോട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസ്ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം പാക് പ്രധാനമന്ത്രിയുടെ അധികാരമാണ്. പക്ഷേ, സൈനിക മേധാവിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രധാനമന്ത്രി സാധാരണയായി ഐഎസ്ഐ മേധാവിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുള്ളു. പേരുകള്‍ സൈന്യം ശുപാര്‍ശ ചെയ്തതിന് ശേഷം പ്രഖ്യാപനം നടത്താന്‍ കൂടുതല്‍ സമയം എടുക്കുന്നതും പതിവില്ലാത്തതാണ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുമായി ആലോചിക്കാതെയാണ് സൈന്യം ഐഎസ്ഐ മേധാവിയെ തിരഞ്ഞെടുത്തതെന്നാണ് ഈ വിഷയത്തില്‍ ദീര്‍ഘകാലം പുലര്‍ത്തിയ മൗനത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞത്. ഇതോടെയാണ് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ പുതിയ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഒരു ജനറലിന് പോലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കാവുന്ന തരത്തില്‍ മാതൃകാപരമായ നിയമവാഴ്ച രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രസ്താവന ഇറക്കിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും സൈന്യവും തമ്മിലുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്ന തരത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ ഈ പ്രസ്താവന എന്നുള്ളതും പ്രസക്തമാണ്.

Top