ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നും മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്ര ബജറ്റില്‍നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ പിഎഫ് അടയ്ക്കാനുള്ള കേന്ദ്ര സഹായം ലഭിക്കാന്‍ 15,000 രൂപയില്‍ താഴെയായിക്കണം ശമ്പളം എന്ന നിബന്ധന കേന്ദ്രം നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ വലിയ നഷ്ടമുണ്ടാക്കി. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കണം, പുതിയ വായ്പ അനുവദിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് സംരംഭകര്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ ഉന്നയിച്ചത്.

കേന്ദ്ര പാക്കേജില്‍ പുതിയ വായ്പ നല്‍കുന്ന കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളു. എന്നാല്‍ ബാങ്കുകള്‍ കനിഞ്ഞാല്‍ മാത്രമേ ഈ വായ്പ ആവശ്യക്കാര്‍ക്ക് ലഭിക്കുകയുള്ളവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിസമ്മതിക്കുന്ന പ്രശ്‌നം ഈ ദുരിതകാലത്ത് പോലുമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top