കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം: കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

smriti irani

കൊച്ചി: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ഡീന്‍ കുര്യാക്കോസ് എംപിയാണ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചത്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചതെന്ന് ഇടുക്കി എംപി വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അനാഥത്വത്തിന്റെ ജീവിതഭാരത്തില്‍ പ്രതീക്ഷ മങ്ങിയ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ നഷ്ടമാകുന്നത് സഹായ ആനുകൂല്യങ്ങള്‍. അനാഥരായ കുട്ടികള്‍ക്കുള്ള കേന്ദ്ര സഹായത്തിന് അര്‍ഹരായ ഒട്ടേറെ കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങള്‍ അര്‍ഹമായ കൈകളില്‍ എത്താത്ത സാഹചര്യമാണുള്ളത്.
പി.എം കെയേഴ്‌സ് സ്‌കീമില്‍ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള സഹായത്തിനായി കേരളത്തില്‍ നിന്നും ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

കേരളത്തില്‍ 9 കുട്ടികള്‍ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നല്‍കിയിട്ടുള്ളത്.പി.എം.കെയേഴ്‌സ് സ്‌കീമില്‍ന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നല്‍കുക.18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമില്‍ ലഭ്യമാകും. കേരളത്തില്‍ നിന്നും ഒരു കുട്ടി പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സര്‍ക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ്.

Top