ലോട്ടറി വില വര്‍ധിപ്പിക്കാന്‍ നീക്കം; കാരുണ്യയ്ക്ക് 40 രൂപയാക്കി കുറയ്ക്കും

തിരുവനന്തപുരം: ലോട്ടറി വിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യത. ആറു പ്രതിവാര ലോട്ടറിടിക്കറ്റുകളുടെ വില 30 -ല്‍നിന്ന് 40 രൂപയാക്കും. 50 രൂപ വിലയുള്ള കാരുണ്യലോട്ടറിയുടെ വില 40 രൂപയായി കുറയ്ക്കും. ലോട്ടറി സമ്മാനഘടന പരിഷകരിക്കാനും തീരുമാനമായി.

ലോട്ടറി ടിക്കറ്റുകളുടെ മൂല്യവര്‍ധിതനികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനസര്‍ക്കാര്‍ നേരിട്ടുനടത്തുന്ന ഭാഗ്യക്കുറികള്‍ക്ക് 12 ശതമാനവും ഇടനിലക്കാര്‍വഴി നടത്തുന്ന ഇതരസംസ്ഥാന ലോട്ടറികള്‍ക്ക് 28 ശതമാനവുമാണ് നിലവിലെ നികുതി. സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മാര്‍ച്ച് ഒന്നുമുതല്‍ എല്ലാ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം.

സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അറ്റാദായത്തില്‍ പകുതി വേണ്ടെന്ന് വെച്ചതായും ധനവകുപ്പ് അറിയിച്ചു. സര്‍ക്കാരിന്റെ ലാഭവിഹിതം 14.8 ശതമാനത്തില്‍നിന്ന് 6.6 ശതമാനമായാണ് കുറയുക. ജി.എസ്.ടി. ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം വരുന്നമുറയ്ക്ക് പരിഷ്‌കരണം നിലവില്‍വരും.

Top