ബല്‍റാമിന്റെ നുണ ഭും ! ചുട്ടമറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി ബല്‍റാമിനെതിരെ രംഗത്തെത്തിയത്.

തോമസ് ഐസകിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നുണ പ്രചരിപ്പിക്കാന്‍ ഏറ്റവുമധികം തൊലിക്കട്ടി ആര്‍ക്ക് എന്നൊരു മത്സരം നടക്കുകയാണെന്നു തോന്നുന്നു, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍. കിഫ്ബി, ട്രാന്‍സ്ഗ്രിഡ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വസ്തുതയുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ലല്ലോ. ഏതായാലും കെഎസ്‌ഇബിയിലെ സാലറി ചലഞ്ച് സംബന്ധിച്ച പോസ്റ്റിലൂടെ മത്സരത്തില്‍ പ്രതിപക്ഷ നേതാവിനെ ബഹുകാതം പിന്നിലാക്കിയിരിക്കുകയാണ്, വി ടി ബലറാം.

ബല്‍റാമെങ്ങനെയാണ് ഈ നുണ നിര്‍മ്മിച്ചത് എന്നു നോക്കാം. ’20/08/2019 ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്‌ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയി’ എന്നാണല്ലോ അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം സാധൂകരിക്കാന്‍ രണ്ടു സ്‌ക്രീന്‍ ഷോട്ടുകള്‍ നല്‍കിയിട്ടുണ്ട്.

ഒന്നില്‍ ‘Salary Challege from Employees’ എന്ന വിഭാഗത്തിനു നേരെയുള്ള തുക 1206.31 കോടി. കഴിഞ്ഞ ആഗസ്റ്റ് 19ലെ കണക്കാണത്. ആഗസ്റ്റ് 20നാണല്ലോ വൈദ്യുതി മന്ത്രി എംഎം മണി ചെക്കു നല്‍കിയത്. രണ്ടാമത് കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടിലെ തീയതി 30.9.2019 ആണ്. അതില്‍ പ്രസ്തുത വിഭാഗത്തിനു നേരെയുള്ളത് 1213.04 കോടി. അതിലും ഒരു വട്ടം വരച്ചിട്ടുണ്ട്.

കെഎസ്‌ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച 131.26 കോടി കൂടി കൂട്ടുമ്ബോള്‍ ഇത്രയും വന്നാല്‍പ്പോരല്ലോ. സംശയവും ആരോപണവും ശരിയാണല്ലോ എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നും.

സ്‌ക്രീന്‍ ഷോട്ടില്‍ വട്ടം വരച്ചാല്‍ ആരും അതിനുള്ളിലേയ്ക്കല്ലേ നോക്കൂ. വട്ടം വരച്ച്‌ താരതമ്യപ്പെടുത്തിയിരിക്കുന്നത് സ്പാര്‍ക്കിലൂടെ സമാഹരിച്ച തുകകള്‍ തമ്മിലാണ്. അതില്‍ കെഎസ്‌ഇബിയുടെ വിഹിതം വരില്ല. അതൊന്നും വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ നുണ ഷെയര്‍ ചെയ്യുന്നവര്‍ക്കറിയില്ലല്ലോ. അതറിഞ്ഞുകൊണ്ടാണല്ലോ നുണ തയ്യാറാക്കിയതും.

അതുകൊണ്ട് വട്ടം വരച്ച ഫിഗറിലല്ല നോട്ടമെത്തേണ്ടത്. വട്ടത്തിനു തൊട്ടുമുമ്ബിലുള്ള വിഭാഗത്തിലാണ്. Cotnributions received from general public എന്നു തുടങ്ങുന്ന വിഭാഗം. പിഎസ് യു പോലുള്ള പൊതുസ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍, എന്നിവയില്‍നിന്നൊക്കെ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ഇവിടെയാണ് ചേര്‍ത്തിരിക്കുന്നത്. ആദ്യസ്‌ക്രീന്‍ ഷോട്ടില്‍ 2484.64 കോടിയാണ് ആ തുക. രണ്ടാമത്തേതില്‍ 2729.41 കോടിയും. ആഗസ്റ്റ് 20ന് വൈദ്യുതി മന്ത്രി നല്‍കിയ ചെക്കിലെ തുക ഈ വിഭാഗത്തിലാണ് കണക്കില്‍ ചേര്‍ത്തിരിക്കുന്നത്.

മറ്റൊരു സൂത്രപ്പണി കൂടി പ്രയോഗിച്ചാണ് ഈ നുണയെ പണിക്കുറ്റം തീര്‍ത്ത ഉരുപ്പടിയാക്കിയിരിക്കുന്നത്. അതുകൂടി മനസിലാക്കിയാലേ, നുണ നിര്‍മ്മാണത്തില്‍ അദ്ദേഹത്തിനുള്ള കൈയടക്കം പൂര്‍ണമായി മനസിലാകൂ.

ആദ്യത്തെ സ്‌ക്രീന്‍ ഷോട്ട് നോക്കുക. അതില്‍ ഗ്രാന്‍ഡ് ടോട്ടല്‍ കൊടുത്തിട്ടുണ്ട്. 4403.13 കോടി രൂപ. എന്നാല്‍ രണ്ടാമത്തെ സ്‌ക്രീന്‍ ഷോട്ടില്‍ ഗ്രാന്‍ഡ് ടോട്ടല്‍ ഇല്ല. ആ ഫിഗറിനു തൊട്ടുമുകളില്‍ വെച്ച്‌ സ്‌ക്രീന്‍ ഷോട്ട് മുറിച്ചിട്ടുണ്ട്. അങ്ങനെ, 4641.95 കോടി എന്ന തുക നൈസായിട്ടു മുക്കി.

വട്ടം വരച്ച്‌ ചൂണ്ടിക്കാണിച്ച തുകകള്‍ തമ്മിലുള്ള വ്യത്യാസം ആകെത്തുകയിലും ആവര്‍ത്തിച്ചില്ലെങ്കില്‍, ആരോപണം അപ്പോള്‍ത്തന്നെ പൊളിയുമല്ലോ. അതൊഴിവാക്കാനാണ് ഈ മുക്കല്‍. നുണ നിര്‍മ്മാണത്തിലെ വേറിട്ടൊരു തച്ചുശാസ്ത്രം.

ഇക്കാര്യത്തിലെ വസ്തുത ഇതാണ്. 931290, 210634 എന്നീ ചെക്കുകളാണ് കെഎസ്‌ഇബിയിലെ സാലറി ചലഞ്ച് തുക ക്രെഡിറ്റു ചെയ്യാന്‍ കൈമാറിയത്. ആദ്യത്തെ ചെക്ക് എസ്ബിഐയുടേത്. 17,96,84,855 രൂപയുടെ ഈ ചെക്ക് 2182019ന് ക്രെഡിറ്റായിട്ടുണ്ട്. രണ്ടാം ചെക്ക് ഫെഡറല്‍ ബാങ്കിലേത്. 113,30,09,485 കോടിയുടെ ഈ ചെക്ക് 2282019നും ക്രെഡിറ്റായി.

ബല്‍റാമിന്റെ നുണ ഭും!!!

Top