ഇന്ത്യയുടെ സാമ്പത്തികനില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതെന്ന് കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യാന്തര തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയേറ്റിട്ടുണ്ട്. ചൈന-യുഎസ് വ്യാപാരയുദ്ധം ഉള്‍പ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ രാജ്യാന്തര സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു.

യുഎസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യാന്തര ശക്തികൾ സാമ്പത്തിക വളർച്ചയിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്നമില്ല. വളർച്ചാനിരക്കിൽ ഇവർക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ചയിലാണ്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി പറഞ്ഞു.

70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കും. ഭവന, വാഹന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തും. ആദായ നികുതി റിട്ടേണുകളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ആദായ നികുതി നോട്ടീസുകള്‍ ഏകീകൃത രൂപത്തിലാക്കും. ഒക്ടോബര്‍ മുതല്‍ ഏകീകൃത സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

നികുതിദായകര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കും. സി.എസ്.ആര്‍ പ്രകാരം സാമൂഹ്യ പ്രതിബദ്ധതയ്ക്കായി കമ്പനികള്‍ പ്രത്യേക ഫണ്ട് നീക്കിവെക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കില്ല, പകരം സിവില്‍ കുറ്റമായി പരിഗണിക്കും. ഓഹരി അടക്കമുള്ള മൂലധന നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള അധിക സര്‍ചാര്‍ക്ക് ഒഴിവാക്കും.

ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കും. ജി.എസ്.ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ല. അതിസമ്പന്നര്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക സര്‍ചാര്‍ജില്‍ നിന്ന് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റേഴ്‌സിനെ (എഫ്.പി.ഐ) ഒഴിവാക്കി. ഞായറാഴ്ച ജി.എസ്.ടി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ച് നിലവിലെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുമെന്നും നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top