സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടി; ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചു.

ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷയില്ല. 25 ലക്ഷത്തില്‍ താഴെയുള്ള നികുതി വെട്ടിപ്പിനാണ് ശിക്ഷ ഒഴിവാക്കിയത്. നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്. ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഉത്തേജന നടപടികളുമായി കേന്ദ്രം – ധനമന്ത്രിയുടെ പ്രധാന പ്രസ്താവനകള്‍ ഇങ്ങനെ

*രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി

*പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്തി

*നിക്ഷേപ നിരക്ക് കൂടുന്നു സാമ്പത്തിക മേഖല ശക്തിപ്പെടുന്നു

*അടുത്ത ലക്ഷ്യം നികുതി പരിഷ്‌കരണം

*നികുതി പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകും

*ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നത്

*19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച

*ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും

*കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും

*ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കും

* ജിഎസ്ടി , ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍

*നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ സംവിധാനം വഴിയാക്കും

* കയറ്റുമതി ഇടിവ് നികത്താന്‍ പ്രത്യേക പദ്ധതി

*2020 ജനുവരി 1 മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കും

* ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബര്‍ 31 വരെ

* ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും

*പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി

* ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ മാതൃകയില്‍ 2020 മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും

* രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുക

*വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാവും

*കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ ആര്‍ബിഐ 68,000 കോടി അനുവദിക്കും

*സ്വതന്ത്ര വ്യാപാരനയമാണ് സര്‍ക്കാരിന്റെ ലക്ഷ്യം

*വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കും

*പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

*പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം

*ഇതിനായി 10000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ ഇത് സഹായിക്കും

*വീട് പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം

*പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും

*സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കും. അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും

Top