ആദ്യത്തെ കടലാസ് രഹിത ബജറ്റുമായി ധനമന്ത്രി; പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കടലാസ് രഹിത കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് ധനമന്ത്രി സഭയില്‍ വയ്ക്കും. കോവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ബജറ്റിലെ പ്രതീക്ഷകള്‍.

ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിച്ച് വിപണികള്‍ സജീവമാക്കാതെ സാമ്പത്തികമേഖല രക്ഷപ്പെടില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രിക്ക് മുന്നിലെ വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല എന്നതും പ്രതിസന്ധിയാണ്. കടമെടുപ്പ് 13 ശതമാനമായി ഉയരുന്നു, ധനകമ്മി അഞ്ച് ശതമാനത്തിന് മുകളിലാകും.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍’ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോവിഡില്‍നിന്ന് രക്ഷനേടാന്‍, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും ഠാക്കൂര്‍ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണ ചെലവ്, സ്വകാര്യവല്‍ക്കരണ ലക്ഷ്യങ്ങള്‍, ബാഡ് ബാങ്ക്, വികസന ധനകാര്യ സ്ഥാപനം, ഇറക്കുമതി തീരുവ എന്നീ അഞ്ച് കാര്യങ്ങളാകും ബജറ്റില്‍ കൂടുതലായും ചര്‍ച്ചയാകുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Top