കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതി ഭവനില്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്കാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുക.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ്. ഈ വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം. ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Top