വീണ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചെന്ന് മാത്യു കുഴൽനാടന് ധനവകുപ്പിന്റെ മറുപടി

തിരുവനന്തപുരം : സിഎംആർഎല്ലിനു നൽകിയ സേവനത്തിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചതായി ധനവകുപ്പ് മാത്യു കുഴൽനാടൻ എംഎൽഎയെ അറിയിച്ചു. വീണ നികുതി അടച്ചോയെന്ന കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ധനമന്ത്രിക്കു പരാതി നൽകിയിരുന്നു. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ജോയിന്റ് സെക്രട്ടറിയാണ് മറുപടി നൽകിയിരിക്കുന്നത്. മറുപടിയിൽ വീണയുടെ പേര് പരാമർശിച്ചിട്ടില്ല.

‘താങ്കളുടെ കത്തിൽ പറഞ്ഞിരിക്കുന്ന വിഷയം പരിശോധിച്ചതിൽ നിന്നും വിഷയത്തിൽ നിയമപ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയിട്ടുണ്ടെന്ന് അറിയിക്കുന്നു’– അഡി. ചീഫ് സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയില്‍നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചതായി ജിഎസ്ടി കമ്മിഷണർ ധനവകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാണ് നികുതി അടച്ചതെന്നോ, എത്ര രൂപയാണ് അച്ചതെന്നോ ധനവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. വ്യക്തികൾ നികുതി അടച്ചതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

വീണ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നും രേഖകൾ പുറത്തുവിടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതികരിച്ചിരുന്നു. 30 ലക്ഷത്തോളം രൂപ നികുതി അടയ്ക്കേണ്ട സ്ഥാനത്ത് 6 ലക്ഷം രൂപ മാത്രമാണ് വീണ നികുതി അടച്ചതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

Top