ഒടുവിൽ വാരിസ് സൂപ്പർ ഹിറ്റിലേക്ക് , തമിഴകത്തെ താര രാജാവ് ഇനി ദളപതി !

മിഴകത്തെ താരപോരാട്ടത്തിൽ രജനീകാന്തിനെ മാത്രമല്ല ‘തല’ അജിത്തിനെയും മലർത്തിയടിച്ച് ദളപതി വിജയ്. കടുത്ത താര പോരാട്ടത്തിന് ഒടുവിൽ പുറത്തിറങ്ങിയ വിജയ് യുടെ വാരിസ് സിനിമ അജിത്ത് നായകനായ തുനിവ് സിനിമയേക്കാൾ വലിയ രൂപത്തിലുള്ള പ്രക്ഷക പിന്തുണയാണ് നേടിയിരിക്കുന്നത്.

പൊങ്കൽ പ്രമാണിച്ച് തമിഴ് സിനിമാആസ്വാദകരെ പുളകം കൊള്ളിച്ചുകൊണ്ടാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും തമിഴ് നാട്ടിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇത് പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്‌യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്. ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തിരുന്ന ചിത്രങ്ങൾ.

വാരിസും തുനിവും ആദ്യദിനം തമിഴ്നാട്ടിൽനിന്നു മാത്രം 40–45 കോടി കലക്റ്റു ചെയ്യുമെന്നാണ് വിദഗ്ദ്ധാഭിപ്രായമെങ്കിലും തുനിവിനേക്കാൾ വാരിസിന് അനുകൂലമായ പ്രതികരണങ്ങൾ വന്നതോടെ വരും ദിവസങ്ങളിൽ വിജയ് സിനിമ വ്യക്തമായ ആധിപത്യം പുലർത്താൻ തന്നെയാണ് സാധ്യത. കേരളത്തിലും വാരിസിന് മികച്ച അഭിപ്രായമാണ് ഉള്ളത്. തീവ്ര അജിത്ത് ആരാധകർക്കു പോലും വാരിസ് സിനിമ ഇഷ്ട്ടപ്പെട്ടു എന്നത് അവരുടെ പ്രതികരണത്തിൽ നിന്നു തന്നെ വ്യക്തമാണ്. ബാങ്കുകളുടെ തട്ടിപ്പിന്റെ കഥ പറയുന്ന തുനിവ് ഒരു ആക്ഷൻ ചിത്രമാണെങ്കിൽ ശക്തമായ കുടുംബ പ്രമേയമാണ് ദളപതിയുടെ വാരിസ് മുന്നോട്ട് വയ്ക്കുന്നത്.

തൊണ്ണൂറുകളിലെ വിജയ് സിനിമകളിൽ കണ്ട തമാശ–കുടുംബം–ഇമോഷൻസും മാത്രമല്ല നല്ല ആക്ഷൻ കാഴ്ചകളും വാരിസിലുണ്ട്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയിൽ ദളപതി തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. നടി രശ്മിക മന്ദാനയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതേസമയം തുനിവിൽ മഞ്ജു വാര്യർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

സമീപകാലത്തെ ഏറ്റവും വലിയ മത്സരമാണ് വാരിസ്, തുനിവ് സിനിമകൾക്കായി ആരാധകർ നടത്തിയിരിക്കുന്നത്. അത് സോഷ്യൽ മീഡിയ പേരിൽ തുടങ്ങി കയ്യാങ്കളിയിൽ വരെ എത്തുന്ന സാഹചര്യവും ഉണ്ടായിരുന്നു. വാരിസ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ച ദിവസം തന്നെ തുനിവ് സിനിമയും റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ് പോര് കടുപ്പിച്ചിരുന്നത്. ഒറ്റയടിക്ക് വൻ കളക്ഷൻ നേടി വിജയ് ഒന്നാമൻ ആകുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെട്ടിരുന്നത്.

തുനിവ് സിനിമ വിതരണം ചെയ്യുന്നത് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാൽ ഈ തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന പ്രചരണവും ശക്തമായിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിയുടെ പിൻഗാമി ആയിട്ടാണ് നടൻ കൂടിയായ ഉദയനിധി സ്റ്റാലിൻ അറിയപ്പെടുന്നത്. ഡി.എം.കെയുടെ വാരിസ് എന്നു തന്നെ ഉദയനിധിയെ വിശേഷിപ്പിക്കാവുന്നതാണ്. ദളപതി വിജയ് ക്കും രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നതും പകൽ പോലെ വ്യക്തമാണ്. ഭാവിയിൽ തമിഴക രാഷ്ട്രീയത്തിൽ നടക്കാൻ പോകുന്നത് ഉദയനിധി – വിജയ് പോരാട്ടമാകുമെന്ന് കണ്ട് ഒരു മുഴം മുൻപേ ഡി.എം.കെ കളി തുടങ്ങിയതായാണ് ആരോപണം. ഇത് ഏറ്റെടുത്ത് സോഷ്യൽ മീഡിയകളിലും ചർച്ചകൾ പൊടി പൊടിക്കുന്നുണ്ട്.

വിവാദം ശക്തമായതോടെ രണ്ടു സിനിമകൾക്കും തുല്യമായാണ് തമിഴകത്ത് ഷോകൾ വീതിച്ചു നൽകിയതെങ്കിലും തുനിവ് സിനിമയാണ് ആദ്യം റിലീസ് ചെയ്തിരുന്നത്. ഇത് വിജയ് ക്യാംപിൽ ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരുന്നത്. തുനിവ് ടീമിന്റെ ഈ നീക്കത്തെ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ഷോ നടത്തിയാണ് വാരിസ് ടീം പ്രതിരോധിച്ചിരുന്നത്. അതോടെ തുനിവ് സിനിമ റിലീസ് ചെയ്യും മുൻപു തന്നെ വാരിസിന്റെ റിവ്യൂകളും പുറത്തു വന്നു തുടങ്ങുകയുണ്ടായി. വിജയ് ആരാധകർക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന പ്രതികരണങ്ങളാണ് പുറത്ത് വന്നിരുന്നത്.

നല്ല സിനിമയാണ് വാരിസ് എന്നത് മാധ്യമ പ്രവർത്തകർ കൂടി സാക്ഷ്യപ്പെടുത്തിയതോടെ വാരിസ് വൻ ട്രന്റായാണ് മാറിയിരിക്കുന്നത്. ഈ പോക്ക് പോയാൽ തുനിവ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ പോലും വാരിസ് പ്രദർശിപ്പിക്കേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ. ‘അധികാര കേന്ദ്രങ്ങളുടെ’ സമ്മർദ്ദത്താൽ വാരിസിനു നേരെ മുഖം തിരിച്ച തിയറ്റർ ഉടമകൾക്ക് ഇനി ഈ സിനിമ ലഭിക്കാൻ യാചിക്കേണ്ട അവസ്ഥ വരുമെന്നാണ് ദളപതിയുടെ ആരാധകരും തുറന്നടിച്ചിരിക്കുന്നത്.

വാരിസ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നതോടെ തമിഴകത്തെ ഏക സൂപ്പർസ്റ്റാർ എന്ന പട്ടത്തിലേക്ക് വിജയ് എത്തുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ. രാഷ്ട്രീയത്തിൽ സിനിമാ താരങ്ങൾ സ്വാധീനം ചെലുത്തുന്ന നാട്ടിൽ ദളപതിയുടെ ഈ വമ്പൻ തിരിച്ചു വരവ് തമിഴക രാഷ്ട്രീയത്തെയും ഇനി പ്രകംമ്പനം കൊള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും വിജയ് ആണ്. വാരിസിന് 120 കോടിയാണ് വിജയ് പ്രതിഫലം വാങ്ങിയതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദളപതി നായകനായി മുൻപ് പുറത്തിറങ്ങിയ ബീസ്റ്റ് സിനിമ ആരാധകരെ പോലും തൃപ്തിപ്പെടുത്തിയിരുന്നില്ലങ്കിലും 200 കോടിയോളം രൂപയാണ് കളക്ട് ചെയ്തിരുന്നത്. ഇത് വിജയ് എന്ന നടന്റെ താരമൂല്യം വെളിവാക്കുന്ന കളക്ഷൻ തന്നെയാണ്. വാരിസിനു ശേഷം വിജയ് അഭിനയിക്കുന്നത് കമൽഹാസന്റെ ബ്രഹ്മാണ്ട സിനിമയായ ‘വിക്രം’ സംവിധാനം ചെയ്ത ലോകേഷ് കനകരാജിന്റെ സിനിമയിലാണ്. ഇപ്പോൾ തന്നെ ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇതും കൂടി പുറത്തിറങ്ങിയാൽ തമിഴകത്ത് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത താരമായി വിജയ് മാറുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്.

ആരാധകരുടെ എണ്ണത്തിലും വാങ്ങുന്ന ശബളത്തിന്റെ മൂല്യത്തിലും ഇപ്പോൾ തന്നെ തമിഴകത്തെ നമ്പർ വണ്ണാണ് വിജയ്. കേരളത്തിലും കർണ്ണാടകയിലും ശക്തമായ അടിത്തറയാണ് അദ്ദേഹത്തിനുള്ളത്. ഇവിടെയും മികച്ച അഭിപ്രായമാണ് വാരിസ് ഇതിനകം തന്നെ നേടിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും വലിയ രൂപത്തിലാണ് വാരിസ് റിലീസ് ചെയ്യപ്പെടുന്നത്. ഇവിടെയും വിജയ് കരുത്ത് കാട്ടിയാൽ തെന്നിന്ത്യയിലെ തന്നെ നമ്പർ വൺ താരമായാണ് വിജയ് മാറുക. അക്കാര്യവും ഉറപ്പാണ്…

EXPRESS KERALA VIEW

Top