ഒടുവിൽ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു, ഉത്തരേന്ത്യയിലും തരംഗമായി ജോഡോ യാത്ര

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഇതുവരെ ഭയപ്പെടാതിരുന്ന ബി.ജെ.പി തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ യാത്ര എത്തിയതോടെ പതുക്കെ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. ഭാരത് ജോഡോ യാത്ര നിർത്തിവയ്പ്പിക്കാൻ കേന്ദ്ര സർക്കാർ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ഗുരുതരമാണ്. ബി.ജെ.പി കോവിഡിനെ ആയുധമാക്കുന്നു എന്ന് കോൺഗ്രസ്സും ആരോപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധമായി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഭാരത് ജോഡോ യാത്രയുടെ സ്വീകര്യതയെ ബിജെപി ഭയക്കുന്നു എന്നാണ് രാഹുൽ ഗാന്ധി തുറന്നടിച്ചിരിക്കുന്നത്.

രാഹുലിന്റെ യാത്രയെ അവഗണിക്കാൻ തീരുമാനിച്ച ബി.ജെ.പിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതു വഴി കോൺഗ്രസ്സ് ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കോവിഡ് ഭീഷണിയെ തുടർന്നാണ് കോവിഡ് മാനദണ്ഡം പാലിക്കാനും അതല്ലങ്കിൽ യാത്ര അവസാനിപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചതെങ്കിൽ പോലും അത് യാത്രയെ തടസ്സപ്പെടുത്താൻ ബി.ജെ.പി ഉണ്ടാക്കിയ തന്ത്രമായാണ് ഇപ്പോൾ കോൺഗ്രസ്സ് ചിത്രീകരിച്ചിരിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തു വന്നു കഴിഞ്ഞു. ബി.ജെ.പി നേതാക്കൾ നയിച്ച റാലികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര സർക്കാറിനെ വിമർശിച്ചിരിക്കുന്നത്.

“മാസ്ക് ധരിക്കുക, കോവിഡ് വ്യാപിക്കുന്നു എന്നതൊക്കെ” ഭാരത് ജോഡോ യാത്ര നിർത്താനുള്ള കേവലം ന്യായങ്ങൾ മാത്രമാണെന്നാണ് ബീഹാറിലെ യാത്രയിൽ രാഹുൽ പ്രതികരിച്ചത്. “അവർ രാജ്യത്തിന്റെ ശക്തിയിലും സത്യത്തിലും ഭയപ്പെട്ടിരിക്കുകയാണ് ഇതാണ് സത്യമെന്നും” രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുകയുണ്ടായി. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് ഭാരത് ജോഡോ യാത്ര ഇപ്പോൾ ഹരിയാനയിലും പര്യടനം തുടരുന്നത്. യു.പിയിലെ ചില മേഖലകളിൽ പര്യടനം നടത്തിയ ശേഷം പഞ്ചാബിലും ജമ്മു കശ്മീരിലുമാണ് ഇനി ഭാരത് ജോഡോ യാത്ര എത്തുക. ഈ സംസ്ഥാനങ്ങളിലും സമാന രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് കോൺഗ്രസ്സിന്റെ തീരുമാനം. കേന്ദ്ര സർക്കാർ യാത്ര തടയാൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായി നേരിടാനും കോൺഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ബി.ജെ.പി രാജസ്ഥാനില്‍ തുടരുന്ന ‘ജന്‍ ആക്രോശ് റാലി’ നിര്‍ത്തിവച്ചതായി നേതാക്കൾ അറിയിച്ചിട്ടുണ്ടെങ്കിലും അതൊന്നും തന്നെ കോൺഗ്രസ്സ് നേതൃത്വം മൈന്റ് പോലും ചെയ്തിട്ടില്ല. യാത്രയിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തവർ മാത്രം പങ്കെടുക്കണമെന്നുമുള്ള നിർദ്ദേശം അപ്രായോഗിക മാണെന്നതാണ് കോൺഗ്രസ്സ് നിലപാട്. എങ്കിലും പറ്റാവുന്ന തരത്തിൽ ജാഗ്രത പാലിക്കുവാൻ അണികൾക്ക് കോൺഗ്രസ്സ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിൽ കോവിഡിന്റെ പുതിയ തരംഗത്തെ തുടർന്നുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നിയമം കർക്കശമാക്കാൻ തീരുമാനിച്ചതെന്ന കേന്ദ്ര സർക്കാർ വാദമൊന്നും കോൺഗ്രസ്സ് ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഇന്ത്യയിൽ അത്തരമൊരു ഭീഷണി നിലവിൽ ഇല്ലന്നതാണ് പാർട്ടിയുടെ ഉറച്ച നിലപാട്.

അതേസമയം പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി നൽകാൻ നിർദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരും കത്തയച്ചിട്ടുണ്ട്. പുതിയ വൈറസ് വകഭേദം ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ലോകത്താകെ 35 ലക്ഷം കേസുകൾ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന കണക്കാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ പ്രതിവാരം 1200 കേസുകളാണുള്ളതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഇത് യാഥാർത്ഥ്യമാണെങ്കിലും അല്ലങ്കിലും ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കുന്ന പ്രശ്നമേ ഇല്ലന്ന നിലപാടോടെയാണ് കോൺഗ്രസ്സ് മുന്നോട്ട് പോകുന്നത്. അതിനാകട്ടെ അവർക്ക് അവരുടേതായ ന്യായങ്ങളുമുണ്ട്.

മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണത്തിനു പിന്നിൽ പോലും ഭാരത് ജോഡോ യാത്രയോടുള്ള ഭയമാണെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്. 41,000 രൂപയുടെ ബർബെറി ടീഷർട്ട് വിവാദം രാഹുൽ ഗാന്ധിക്കെതിരെ നേരത്തെ ബി.ജെ.പി കുത്തിപ്പൊക്കിയിരുന്നെങ്കിലും പിന്നീട് ബി.ജെ.പി ആ ആരോപണം തുടർന്നു കൊണ്ടു പോയിരുന്നില്ല. വിവാദങ്ങൾ രാഹുലിന്റെ യാത്രയ്ക്ക് ഗുണം ചെയ്യുമെന്ന് കണ്ടായിരുന്നു ഈ പിൻമാറ്റം. എന്നാൽ ഹിമാചൽ പ്രദേശ് ഭരണം കൈവിട്ടു പോയതോടെ ഭാരത് ജോഡോ യാത്രയെയും ഗൗരവമായി കാണാൻ ബി.ജെ.പി നിർബന്ധിതമാവുകയാണ് ഉണ്ടായത്.

കന്യാകുമാരിയിൽ നിന്നും പുറപ്പെട്ട ഭാരത് ജോഡോ യാത്രയ്ക്ക് കേരളം, കർണ്ണാടക സംസ്ഥാനങ്ങൾക്കപ്പുറും വലിയ ഒരു പങ്കാളിത്തം ബി.ജെ.പി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ്സ് ദുർബലമായ തെലങ്കു മണ്ണിലും ബി.ജെ.പിക്കും ശിവസേനക്കും ശക്തമായ ആധിപത്യമുള്ള മഹാരാഷ്ട്രയിലും വലിയ പങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയ്ക്ക് ഉണ്ടായിരുന്നത്. ഇത് ബി.ജെ.പി കേന്ദ്രങ്ങളെ വല്ലാതെ അമ്പരപ്പിച്ചിരുന്നു. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ്സിലെ ആഭ്യന്തര സംഘർഷം രൂക്ഷമായിട്ടു പോലും യാത്ര വൻ വിജയമായി മാറുകയാണ് ഉണ്ടായത്. മധ്യപ്രദേശിലും ബീഹാറിലും ഹരിയാണയിലും ഉൾപ്പെടെ ഈ മുന്നേറ്റം പ്രകടമാണ്. ഇതോടെ ‘ഇന്ത്യയെ നടന്ന് അളന്ന ഏക നായകൻ’ എന്ന പ്രതിച്ഛായയോടെ രാഹുൽ ഗാന്ധി ലോകസഭ തിരഞ്ഞെടുപ്പിൽ പ്രചരണം നയിച്ചാൽ അത് പ്രതിപക്ഷ ചേരിക്ക് ഗുണം ചെയ്യുമോ എന്ന ആശങ്കയിലാണിപ്പോൾ ബി.ജെ.പി.

ഭാരത് ജോഡോ യാത്ര വിജയമായതോടെ മറ്റു പ്രതിപക്ഷ കക്ഷികൾക്കിടയിൽ പോലും രാഹുൽ ഗാന്ധിക്ക് സ്വീകാര്യത വർദ്ധിച്ചിട്ടുമുണ്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവർ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന നിലപാടുകാരാണ്. ബി.ജെ.പി വീണ്ടും വരാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന നിലപാടിലാണ് ഇടതുപക്ഷവുമുള്ളത്. കർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഢ്, തെലങ്കാന ഉൾപ്പെടെ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടി കോൺഗ്രസ്സ് കരുത്ത് കാട്ടിയാൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളിനും, ടി.ആർ. എസ് നേതാവ് ചന്ദ്രശേഖര റാവുവിനും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഉൾപ്പെടെ രാഹുൽ ഗാന്ധിയെ അംഗീകരിക്കേണ്ടതായി വരും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ലോകസഭ തിരഞ്ഞെടുപ്പിനു മുൻപാണ് തിരഞ്ഞെടുപ്പുകൾ നടക്കുക. നരേന്ദ്രമോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഇവിടങ്ങളിലെ വിജയങ്ങളും രാഹുൽ ഗാന്ധിയെ സംബന്ധിച്ച് അനിവാര്യമാണ്. അത് സംഭവിച്ചാൽ രാഷ്ട്രീയ ഇന്ത്യയിൽ മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നത്തിനാണ് വെല്ലുവിളി ഉയരുക.

EXPRESS KERALA VIEW

Top