ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കമായേക്കും. ഉച്ചയ്ക്ക് 2 മണിമുതല്‍ കേപ്ടൗണിലാണ് മത്സരം. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാല്‍ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര നേടാനാകും.

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബര്‍ഗില്‍ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. കേപ് ടൗണില്‍ വിരാട് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്ന പിച്ചില്‍ ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാവും. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും അവസാന ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയത് ടീം ഇന്ത്യക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. നായകന്‍ വിരാട് കോലി പരിക്കില്‍ നിന്ന് മുക്തനായതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പ്.

കോലി തിരിച്ചെത്തുന്നതോടെ ഹനുമാ വിഹാരി പുറത്തിരിക്കും. പേസര്‍ മുഹമ്മദ് സിറാജിന് പകരമെത്താന്‍ സീനിയര്‍ താരങ്ങളായ ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവും തമ്മിലാവും മത്സരം. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കേപ് ടൗണിലെ മുന്‍ ചരിത്രം ടീം ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല. ഇവിടുത്തെ അഞ്ച് കളിയില്‍ മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായിരുന്നു ഫലം. കേപ് ടൗണിലെ ആദ്യ ജയത്തിലൂടെ കോലിപ്പട ചരിത്രം കുറിക്കും എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.

 

 

Top