സിപിഎമ്മിന്റെ പലസ്തീന്‍ റാലി;മുസ്ലിം ലീഗിന്റെ അന്തിമ തീരുമാനം ശനിയാഴ്ച

കോഴിക്കോട്: സിപിഎം കോഴിക്കോട്ട് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗിന്റെ അന്തിമ തീരുമാനം ശനിയാഴ്ച. റാലിയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെടുകയും ലീഗിന്റെ നിലപാടിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ ശനിയാഴ്ച തീരുമാനം ഉണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചത്.

റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്. നാളെ ചേരുന്ന നേതൃയോഗത്തിന് ശേഷം സംസ്ഥാന കമ്മറ്റി തീരുമാനം എടുക്കുമെന്നും അന്തിമ തീരുമാനം പാണക്കാടുനിന്ന് ഉണ്ടാകുമെന്നും ലീഗ് അറിച്ചു.

സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക ക്ഷണം ഇന്നലെ രാത്രി ലഭിച്ചതായും ലീഗ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുകൂടി വേദിയാകുകയാണ്. ലീഗിന്റെ നിലപാട് എന്താകുമെന്നതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ കടുക്കുന്നതിനിടെ ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടും ഇ.ടിയുടെ നിലപാടിനെ അനുകൂലിച്ചും ലീഗ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏക സിവില്‍ കോഡ്, പാലസ്തീന്‍ പോലുള്ള പൊതുവിഷയങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് മാറിനില്‍ക്കേണ്ടെന്ന നിലപാടും ലീഗില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് പലസ്തീന്‍ വിഷയത്തില്‍ നിലപാട് പരസ്യമാക്കി കൊണ്ട് പരിപാടി നടത്താത്ത സാഹചര്യത്തില്‍ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളെ അണിനിരത്തി സിപിഎം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നുവെന്നും വിലയിരുത്തലുണ്ട്. വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാന്‍ പറ്റുമോ എന്ന കെ. സുധാകരന്റെ പരാമര്‍ശവും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മൃഗങ്ങളുടെ കാര്യത്തെ കുറിച്ചൊന്നും പ്രതികരിക്കാന്‍ ഇല്ലെന്നും പി.എം.എ സലാം പറഞ്ഞു.

ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അറിയിച്ചതോടെ ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നുവെന്ന വിലയിരുത്തിലിലേക്ക് കാര്യങ്ങള്‍ മാറി. ഇതോടെ അനുനയ ശ്രമങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയും എം.എം ഹസ്സനും ഉള്‍പ്പടെയുള്ള നേതാക്കാളാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയത്. മുസ്ലിം ലീഗ്, മുന്നണി തീരുമാനം മറികടന്ന് സിപിഐഎം റാലിയില്‍ പങ്കെടുക്കില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതുകൊണ്ടുതന്നെ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ മുന്നണി ബന്ധത്തിലും നിര്‍ണായകമാകും.

Top