ഒടുക്കം തീരുമാനമായി ; കെ.പി.സി.സി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു, യോഗം നാളെ

ന്യൂഡല്‍ഹി: അംഗങ്ങളുടെ പട്ടിക അംഗീകരിച്ചതോടെ പുതിയ കെപിസിസി യോഗം നാളെ രാവിലെ തിരുവനന്തപുരത്ത് ചേരും.

രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്.

പന്തളത്ത് അനിതയ്ക്കു പകരം സരോജിനി ബാലനും, ചവറയില്‍ ബിന്ദു ജയനു പകരം കെ.സുരേഷ് ബാബുവും പട്ടികയില്‍ ഇടംപിടിച്ചു.

304 പേരടങ്ങിയ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 136 പേര്‍ എ വിഭാഗത്തില്‍ നിന്നും 22 പേര്‍ നിഷ്പക്ഷരുമാണ്. 45ല്‍ താഴെ പ്രായമുള്ള 45 പേര്‍ പട്ടികയിലുണ്ട്.

28 വനിതകളും, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി ഉള്‍പ്പെടെ 18 പട്ടികവിഭാഗ പ്രതിനിധികളുമാണുള്ളത്. 282 അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഇവരെ കെപിസിസി പ്രസിഡന്റിനു നാമനിര്‍ദേശം ചെയ്യാം.

ശശി തരൂര്‍ എംപി (പട്ടം) പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നിര്‍ദേശമനുസരിച്ച് അദ്ദേഹം തുടരും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എഴുകോണില്‍ നിന്നു കെപിസിസി അംഗമാകും.

കൊടിക്കുന്നില്‍ സുരേഷ് എംപി, വി.എം.സുധീരന്‍ എന്നിവരുടെ ഏതാനും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരായ കെ.സി.വേണുഗോപാല്‍ പയ്യന്നൂരില്‍ നിന്നും എം.കെ.രാഘവന്‍ മാടായിയില്‍ നിന്നും എത്തും.

Top