‘ആര്‍ട്ടിക്കിള്‍ 370’ സിനിമാ പേരിനായി ആവശ്യക്കാരേറെ . . .

ശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട സിനിമാ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ബോളിവുഡ് ചലച്ചിത്രകാരന്‍മാരുടെ വന്‍തിരക്ക്.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ, കശ്മീര്‍ ഹമാരാ ഹേ, ധാരാ 370 തുടങ്ങി അന്‍പതിലധികം സിനിമാ പേരുകളാണ് കശ്മീരിന് പ്രത്യേ പദവി നല്‍കിയരുന്ന വകുപ്പ് റദ്ദ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ , പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഫിലിം ടി.വി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവയിലാണ് തലക്കെട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിക്കി കൗശല്‍ അഭിനയിച്ച ഉറി; ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രം വിജയമായതിനെ തുടര്‍ന്ന് സമാനമായ നിരവധി പേരുകള്‍ ചലച്ചിത്ര തലക്കെട്ടിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. പുല്‍വാമ; ദി ഡെഡ്‌ലി അറ്റാക്ക്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0, ബാലാക്കോട്ട് ആന്‍ഡ് പുല്‍വാമ അറ്റാക്ക് തുടങ്ങിയവയാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റ് ചലച്ചിത്ര പേരുകള്‍.

ആയുഷ്മാന്‍ ഖുരാനയെ നായകനാക്കി അനുഭവ് സിന്‍ഹ അണിയിച്ചൊരുക്കിയ ആര്‍ട്ടിക്കിള്‍ 15ന്റെ വിജയം പരിഗണിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നീ പേരുകളാവും ഭൂരിഭാഗം ചലച്ചിത്രകാരന്‍മാരുടേയും പ്രഥമ പരിഗണന. 25 മുതല്‍ 30വരെ അപേക്ഷകള്‍ ഈ പേരുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ ലാഭകരമായ വിഷയമാണെന്നും സിനിമ ചെയ്യണമെന്നും കരുതി നേരത്തേ തന്നെ ഈ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയവരുമുണ്ട്. ഈ പേരുകള്‍ താന്‍ ഒരു മാസം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പി.എം നരേന്ദ്ര മോദി സിനിമയുടെ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റ് പറയുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ അഞ്ചാം തിയതിയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷായാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Top