സ്‌പൈ ത്രില്ലര്‍ ചിത്രം ‘ബെല്‍ ബോട്ട’ത്തിന്റെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ ബോളിവുഡ് സിനിമകളുടെ ചിത്രീകരണങ്ങള്‍ പതിയെ ആരംഭിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഷൂട്ടിംഗിന് കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുകയാണ്.മിക്ക താരങ്ങളുടെയും ചിത്രീകരണം ഇന്ത്യയിലല്ല. ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചത് തുര്‍ക്കിയില്‍ ആയിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ലണ്ടനിലും ചിത്രീകരണം തുടങ്ങിയിരിക്കുന്നു.

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ ചിത്രം ‘ബെല്‍ ബോട്ട’ത്തിന്റെ ചിത്രീകരണമാണ് ലണ്ടനില്‍ ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ക്ലാപ്പ് ബോര്‍ഡ് പിടിച്ചുകൊണ്ടുള്ള ഒരു ചെറു വീഡിയോയോടു കൂടിയാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്.

ലൈറ്റ്‌സ്, ക്യാമറ, മാക്‌സ് ഓണ്‍ ആന്‍ഡ് ആക്ഷന്‍ എന്നാണ് അദ്ദേഹം പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ ബോട്ടമെന്ന് അറിയുന്നു. വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top