പൃഥ്വിരാജിന്റെ ‘കടുവ’യുടെ ചിത്രീകരണം ഇന്ന് തുടങ്ങും

പൃഥ്വിരാജ് നായകനാകുന്ന മലയാള ചിത്രം കടുവ ഇന്ന് ചിത്രീകരണം തുടങ്ങും. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണത്തിനെതിരെ കഴിഞ്ഞ ആഴ്ച ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി സ്റ്റേ നല്‍കിയിരുന്നു.

നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റിസിന്റെ ഹര്‍ജിയിലായിരുന്നു കോടതി നടപടിയെടുത്തത്. മൂന്ന് വര്‍ഷം മുമ്പ് തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് 10 ലക്ഷം രൂപ നല്‍കി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ് നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയതെന്നായിരുന്നു ഹര്‍ജിയില്‍ അനുരാഗ് ഉന്നയിച്ചത്.

എന്നാല്‍, ഇന്ന് കടുവയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന് നടന്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം, സിനിമയുടെ പുതിയ പോസ്റ്ററും താരം പുറത്തുവിട്ടു. ”അവര്‍ക്ക് ഒരു പോരാട്ടമായിരുന്നു വേണ്ടത്. അവന്‍ അവര്‍ക്ക് ഒരു യുദ്ധം നല്‍കി!” എന്ന ടാഗ് ലൈനിലാണ് കടുവ ഒരുങ്ങുന്നത്.

അതേ സമയം, കടുവ ചിത്രവുമായി സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന സിനിമക്ക് സമാനതകളുണ്ടെന്ന പേരില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന ടൈറ്റിലില്‍ നിന്നും സുരേഷ് ഗോപിയുടെ 250-ാം ചിത്രം ഒറ്റക്കൊമ്പനായി മാറിയത്.

 

Top