മോഹൻലാൽ ചിത്രം ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ  ദൃശ്യം എന്ന എവർ ടൈം ഫാമിലി ബ്ലോക്ക് ബസ്റ്ററിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2-ന്റെ ചിത്രീകരണം പൂജാ ചടങ്ങോടെ കൊച്ചിയിൽ ആരംഭിച്ചു. ഇക്കുറിയും ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സതീഷ് കുറുപ്പ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ അണിയറ പ്രവർത്തകരും താരങ്ങളും കോവിഡ് ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഷൂട്ടിങ്ങിന് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ചിത്രീകരണം തീരുന്നതു വരെ പുറത്ത് സഞ്ചരിക്കാനുള്ള അനുമതിയും താരങ്ങൾക്ക് അണിയറ പ്രവർത്തകർ നൽകിയിട്ടില്ല. സെപ്റ്റംബർ 26ന് ആവും മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക. ദൃശ്യത്തിൽ മോഹൻലാലിന്റെ ജോഡിയായി എത്തിയ മീന തന്നെയാണ് ചിത്രത്തിൽ നായിക. എന്നാൽ മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

2013 ഡിസംബറിൽ പുറത്തിറങ്ങിയ ഫാമിലി ത്രില്ലറായ ദൃശ്യം ആ വർഷത്തെ ഏറ്റവും വലിയ വിജയവും മലയാള സിനിമയെ ആദ്യ അൻപതു കോടിയിലെത്തിച്ച ചിത്രം എന്ന ഖ്യാതിയും നേടിയിരുന്നു. ജോർജുകുട്ടി എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി കടന്നു വരുന്നതും, തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും സ്വയരക്ഷക്കായി ആ അതിഥിയെ കൊന്ന് പോലീസ് സ്റ്റേഷനിൽ മറവ് ചെയ്യുന്നതുമായിരുന്നു ദൃശ്യത്തിന്റെ കഥാ തന്തു. അതിനു ശേഷം ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, സംഭവവികാസങ്ങളുമായിരിക്കും ദൃശ്യം 2-ന്റെ കഥാപശ്ചാത്തലം എന്ന് പ്രതീക്ഷിക്കാം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളിൽ റൈറ്റ്സ് പോയ ചിത്രമാണ് ദൃശ്യം.

അതേസമയം മോഹൻലാലിനെ തന്നെ നായകനാക്കി റാം എന്ന ചിത്രവും ജീത്തു ജോസഫിന്റെതായി അണിയറയിലൊരുങ്ങുന്നു ണ്ടായിരുന്നു. പകുതിയോളം ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ബാക്കിയുള്ള രംഗങ്ങൾ വിവിധ രാജ്യങ്ങളിലായി ഇനിയും ചിത്രീകരിക്കാനുണ്ട്. ഓണം റിലീസായി പ്ലാൻ ചെയ്തിരുന്ന റാം കോവിഡ് മഹാമാരി മൂലം ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു.

എറണാകുളത്തും തൊടുപുഴയിലുമായിരിക്കും ദൃശ്യം 2-ന്റെ ഷൂട്ടിംഗ്. ബ്ലോക്ക് ബസ്റ്റർ ആയി മാറിയ ദൃശ്യം പോലെ തന്നെ രണ്ടാം ഭാഗവും ഒരു മികച്ച സിനിമ അനുഭവമായി മാറും എന്ന് പ്രതീക്ഷിക്കാം.

Top