സുശാന്തിന്റെ മരണം; നിര്‍മാണ കമ്പനിയായ ‘യഷ്രാജ്’ ഫിലിംസ് അധികൃതരെ ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ ‘യഷ്രാജ്’ ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളെ ചോദ്യം ചെയ്യുന്നത്.

‘യഷ്രാജു’മായുള്ള കരാറുകളില്‍ നിന്നു പിന്‍മാറിയ സുശാന്ത് അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവര്‍ത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉള്‍പ്പെടെ 15 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മൊഴിയിലെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയിരുന്നു.

Top