ഓണ്‍ലൈന്‍ റിലീസ് നടത്തില്ല, സിനിമകള്‍ തിയേറ്ററുകളില്‍ തന്നെ: നിര്‍മാതാക്കള്‍

കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. പല സിനിമകളും ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുമ്പോള്‍ സിനിമകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നതില്‍ താത്പര്യമില്ലെന്ന് മലയാളത്തിലെ ഭൂരിഭാഗം നിര്‍മാതാക്കള്‍.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ പൂട്ടിയിരുന്നു. തുടര്‍ന്നാണ് നിര്‍മാതാവ് വിജയ് ബാബുവടക്കം ചിലര്‍ ഒടിടി റിലീസുമായി മുന്നോട്ട് വന്നത്. വിജയ് ബാബു നിര്‍മിച്ച ജയസൂര്യ- അതിഥി റാവു ഹൈദാരി ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസില്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സിനിമകളുടെ തിയേറ്റര്‍ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് മലയാളത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന 66 സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് അസോസിയേഷന്‍ കത്തയച്ചിരുന്നു. ഇവരില്‍ ഓണ്‍ലൈന്‍ റിലീസിന് താത്പര്യമുള്ളവര്‍ മേയ് 30-നകം വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്നാണ് ഭൂരിപക്ഷം നിര്‍മാതാക്കളും അസോസിയേഷനെ അറിയിച്ചത്.

ഓണ്‍ലൈന്‍ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിവിധ ചലച്ചിത്ര സംഘടനകള്‍ കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഓണ്‍ലൈന്‍ റിലീസ് പൂര്‍ണമായും തടസ്സപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു യോഗത്തിലെ അഭിപ്രായം. എന്നാല്‍, സിനിമാ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഇക്കാര്യത്തില്‍ ഏകപക്ഷീയ പ്രഖ്യാപനമുണ്ടാകരുതെന്നും യോഗം തീരുമാനിച്ചിരുന്നു. നിര്‍മാതാക്കളുടെ നിലപാട് വ്യക്തമായ സാഹചര്യത്തില്‍ വീണ്ടും യോഗംചേര്‍ന്ന് ഓണ്‍ലൈന്‍ റിലീസിന്റെ കാര്യത്തില്‍ പുതിയ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Top