എന്റെ സിനിമയ്ക്ക് കാവേരി ജലതര്‍ക്കവുമായി ബന്ധമില്ല; സിദ്ധാര്‍ത്ഥ്

കാവേരി ജല തര്‍ക്കം കാരണം തന്റെ പുതിയ സിനിമയായ ചീറ്റായുമായി ബന്ധപ്പെട്ട പരിപാടി റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സിനിമയ്ക്ക് തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാവേരി ജല തര്‍ക്കവുമായി യാതൊരു ബന്ധമില്ലെന്നും എന്നിട്ടും വിവാദങ്ങങ്ങള്‍ നഷ്ടങ്ങളുണ്ടാക്കിയെന്നും നടന്‍ പറഞ്ഞു.  ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ സിദ്ധാര്‍ത്ഥ് തുറന്നുപറയുകയായിരുന്നു.

”ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാന്‍ പ്രത്യേക സ്‌ക്രീനിങ്ങിന് പദ്ധതിയിട്ടിരുന്നു. ചെന്നൈയിലും കൊച്ചിയിലും നടന്നത് പോലെ 2000 വിദ്യാര്‍ത്ഥികള്‍ക്കും കൂടാതെ കന്നഡ സിനിമാ താരങ്ങള്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ ബന്ദ് കാരണം എല്ലാ പദ്ധതികളും റദ്ദാക്കേണ്ടി വന്നു”- സിദ്ധാര്‍ത്ഥ് പറഞ്ഞു. നല്ലൊരു സിനിമ കാണാനും പ്രശംസിക്കാനുമുള്ള ജനങ്ങളുടെ അവസരം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സിനിമ കാണാമായിരുന്നുവെന്നും എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

കാവേരി ജല പ്രശ്നത്തിനിടയില്‍ ഒരു തമിഴ് സിനിമയും പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ സിദ്ധാര്‍ത്ഥിനെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സംസാരിക്കാന്‍ അനുവദിക്കാതെ പ്രശ്നമുണ്ടാക്കിയത്. തന്റെ സിനിമയ്ക്ക് രാഷ്ട്രീയ പ്രശ്നവുമായി ബന്ധമില്ലെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് പ്രാദേശിക ഭാഷയില്‍ ചിത്രീകരിച്ച തന്റെ സിനിമ ചിക്കു എന്ന പേരില്‍ കന്നഡയിലും പ്രദര്‍ശിപ്പിക്കുമെന്ന് കന്നഡ ഭാഷയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രമോഷന്‍ പരിപാടിയില്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് വേദി വിട്ട് ഇറങ്ങുകയായിരുന്നു.

Top